
. മേക്കിങിലും തിരക്കഥയിലും മികവു പുലർത്തിയ മമ്മൂട്ടി ചിത്രം ‘കണ്ണൂർ സ്ക്വാഡ്’ അൻപത് കോടി ക്ലബ്ബിൽ. ഒൻപത് ദിവസം കൊണ്ടാണ് ചിത്രം 50 കോടി ക്ലബ്ബിൽ ഇടംനേടിയത്. ചിത്രത്തെ അഭിനന്ദിച്ച് ദുൽഖർ സൽമാനും എത്തി. ‘‘കണ്ണൂർ സ്ക്വാഡിന്റെ എല്ലാ ടീം അംഗങ്ങൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഒപ്പം ചിത്രത്തിന് നൽകുന്ന അവസാനമില്ലാത്ത സ്നേഹത്തിന് പ്രേക്ഷകരോട് വലിയ നന്ദി’’.– ദുൽഖർ സോഷ്യൽ മീഡിയയിൽ കുറിച്ചു. ദുൽഖറിന്റെ നേതൃത്വത്തിലുള്ള വെഫേറർ ഫിലിംസ് ആണ് കണ്ണൂർ സ്ക്വാഡ് തിയറ്ററിൽ എത്തിച്ചത്.
ഭീഷ്മപർവത്തിനുശേഷം അൻപത് കോടി നേടുന്ന മമ്മൂട്ടി ചിത്രം കൂടിയാണ് കണ്ണൂർ സ്ക്വാഡ്. സെപ്റ്റംബർ 28നാണ് കണ്ണൂർ സ്ക്വാഡ് തിയറ്ററിൽ എത്തിയത്. ഛായാഗ്രാഹകനായിരുന്ന റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ് ചിത്രം കൂടിയാണിത്.
ചിത്രത്തിനു തിരക്കഥ ഒരുക്കിയിരിക്കുന്നത് റോണി രാജും മുഹമ്മദ് ഷാഫിയും ചേർന്നാണ്. നൻപകൽ നേരത്ത് മയക്കത്തിനും റോഷാക്കിനും ശേഷം മമ്മൂട്ടി കമ്പനി നിർമിച്ച ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.