വൈപ്പിൻ : സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഞാറയ്ക്കൽ പള്ളിപ്പറമ്പിൽ വീട്ടിൽ ജിനോ ജേക്കബിനെയാണ് (33) വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്. ഓപ്പറേഷൻ ഡാർക് ഹണ്ടിന്റെ ഭാഗമായാണ് നടപടി.ഞാറയ്ക്കൽ, മുനമ്പം പൊലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതക ശ്രമം, ദേഹോപദ്രവം, കവർച്ച, ലഹരിമരുന്ന് വിൽപന, കാപ്പ ഉത്തരവിന്റെ ലംഘനം തുടങ്ങി കേസുകളിൽ പ്രതിയാണ്.
കഴിഞ്ഞ ജൂലൈയിൽ മുനമ്പം പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കൊലപാതകശ്രമ കേസിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ഞാറയ്ക്കൽ പൊലീസ് ഇൻസ്പെക്ടർ എ.എൽ.യേശുദാസിന്റെ നേതൃത്വത്തിൽ എസ്ഐ സി.ആർ.രഞ്ജു മോൾ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഒ.ബി.സിമിൽ, വി.എസ്.സ്വരാഭ്,സിവിൽ പൊലീസ് ഓഫിസർ ആന്റണി ഫ്രഡി എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.