Spread the love

കാര ബഹദൂർ സ്മാരക ഇൻഡോർ സ്റ്റേഡിയം യാഥാർത്ഥ്യമാകുന്നു

തീരവാസികളുടെ ചിരകാല സ്വപ്നമായ കാര ബഹദൂർ സ്മാരക ഇൻഡോർ സ്റ്റേഡിയം യാഥാർത്ഥ്യമാകുന്നു. അത്യാധുനിക രീതിയിലുള്ള ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് 1.82 കോടിയുടെ ഭരണാനുമതി നൽകി.

മലയാളത്തിന്റെ എക്കാലത്തെയും ഹാസ്യസാമ്രാട്ടായ ബഹദൂറിന്റെ ജന്മസ്ഥലമായ എടവിലങ്ങ് പഞ്ചായത്തിലെ കാരയിലാണ് അദ്ദേഹത്തിന്റെ ഓർമക്കായി സ്റ്റേഡിയം ഉയരുന്നത്. ഒരു മാസം മുമ്പ് ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎയുടെയും എടവിലങ്ങ് പഞ്ചായത്ത് ഭരണ സമിതിയുടേയും നേതൃത്വത്തിൽ എടവിലങ്ങിലെ രജിസ്റ്റർ ചെയ്യപ്പെട്ട ക്ലബ്ബ് അംഗങ്ങളുടെയും ജനപ്രതിനിധികളുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഉൾപ്പെടുത്തി സ്റ്റേഡിയത്തിന്റെ രൂപരേഖ തയ്യാറാക്കിയിരുന്നു. തീരദേശവാസികളുടെ കുടുംബങ്ങളിലെ കായിക പ്രതിഭകൾക്ക് പരിശീലനവും പ്രോത്സാഹനവും നൽകുന്നതിനൊപ്പം തീരദേശ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കലും സ്റ്റേഡിയം പദ്ധതിയുടെ ലക്ഷ്യമാണ്. തീരപ്രദേശത്തെ കായിക മേഖലയ്ക്ക് പുത്തനുണർവ് സൃഷ്ടിക്കുന്നതിന് കാര മൈതാനം സ്‌റ്റേഡിയമാക്കി മാറ്റാൻ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. സ്റ്റേഡിയമാക്കി മാറ്റുമ്പോൾ സെവൻസ് ഫുട്‌ബോൾ കളിക്കാനുള്ള സജ്ജീകരണം ഒരുക്കും. കൂടാതെ, വോളിബോൾ, ഷട്ടിൽ, ‘മുട്ടിഫോർ’ ക്രിക്കറ്റ് എന്നീ കളികൾ കളിക്കാനുള്ള സംവിധാനവും ഉണ്ടാകും.

ഭരണാനുമതിക്കൊപ്പം മറ്റ് നടപടികളും പൂർത്തിയാക്കേണ്ടതുണ്ട്. സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കാൻ വേണ്ട പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയാണെന്നും യുവാക്കളുടെ ആവശ്യങ്ങൾ അംഗീകരിച്ചായിരിക്കും ബഹദൂർ സ്മാരക സ്‌റ്റേഡിയം ഉയരുകയെന്നും ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ പറഞ്ഞു.

Leave a Reply