കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ടി-20 മത്സരത്തിനായി പ്രത്യേക ബസ് സർവീസുകളുമായി കെ.എസ്.ആർ.ടി.സി. 4 മണി മുതൽ തമ്പാനൂരിൽ നിന്ന് സ്റ്റേഡിയത്തിലേക്കും മത്സരം കഴിഞ്ഞതിനു ശേഷവും കൂടുതൽ സർവീസ് ക്രമീകരിക്കാനാണ് നിർദ്ദേശം. റൂറൽ മേഖലകളിലേക്കും അധിക സർവീസ് നടത്താൻ സി.എം.ഡി നിർദ്ദേശം നൽകി. നാളെയാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ മത്സരം നടക്കുക.
മത്സരം കാണാൻ ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി എത്തും. 28ന് രാവിലെ തിരുവനന്തപുരത്തെത്തുന്ന ഗാംഗുലി സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ കാണും. മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ ക്യാമ്പയിനായ ‘സേ നോ ടു ഡ്രഗ്സിൽ’ അദ്ദേഹം പങ്കെടുക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. അതിനു ശേഷമാണ് അദ്ദേഹം സ്റ്റേഡിയത്തിൽ എത്തുക.
പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം തിരുവനന്തപുരത്തെത്തിയിരുന്നു. ഹൈദരാബാദിൽ നിന്നെത്തിയ ഇന്ത്യൻ സംഘം വൈകിട്ട് 4.30ഓടെയാണ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്. ഓസ്ട്രേലിയക്കെതിരായ ടി-20 പരമ്പര 2-1നു സ്വന്തമാക്കിയ ശേഷമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരെ കളത്തിലിറങ്ങുന്നത്. ഈ മാസം 28നാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ മത്സരം.
വിമാനത്താവളത്തിലെത്തിയ ഇന്ത്യൻ ടീം അംഗങ്ങളെ കേരള ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ സ്വീകരിച്ചു. കോവളത്തെ റാവിസ് ഹോട്ടലിലാണ് ടീം താമസിക്കുക. ടീം അംഗങ്ങൾ വിമാനത്താവളത്തിൽ നിന്ന് പുറത്തേക്കുവന്നപ്പോൾ കൂടിനിന്ന ആരാധകർ മലയാളി താരം സഞ്ജു സാംസണു വേണ്ടി ആർപ്പുവിളിച്ചു. താരം ഇന്ത്യൻ ടീമിൽ ഉൾപ്പെട്ടിട്ടില്ല.
28 ന് തിരുവനന്തപുരത്ത് ആരംഭിക്കുന്ന പരമ്പര ഒക്ടോബർ നാലിന് ഇൻഡോറിലെ ഹോൾകർ സ്റ്റേഡിയത്തിലെ മത്സരത്തോടെ അവസാനിക്കും. ഒക്ടോബർ രണ്ടിന് ഗുവാഹത്തിയിലാണ് പരമ്പരയിലെ രണ്ടാം മത്സരം.