കർമ്മഫലം എന്നൊന്നുണ്ട് മക്കളേ… കൊടുത്ത പണികൾക്കൊക്കെ തിരിച്ച് കിട്ടാണ്ട് പോവില്ല. സിക്കാഡ എന്ന സിനിമ ഏറ്റവും ചുരുക്കി പറഞ്ഞാൽ ഇതാണ്. സിനിമയുടെ പശ്ചാത്തലം പോലെ തന്നെ കാടിൻറെ എല്ലാ നിഗൂഢതകളും കഥയിലും ഒളിപ്പിച്ചു വച്ചിരിക്കുന്നു. ഓരോ സീനിൽ നിന്നും അടുത്ത സീനിലേക്ക് ഓർത്തു കോർത്ത് നമ്മളെ കൊണ്ടുപോകുന്ന ഉദ്യേഗം. ട്രെയിലർ കണ്ടപ്പോൾ ചുരുളി എഫക്ട് പലർക്കും തോന്നിയിരുന്നു. എന്നാൽ അതിൻറെ പതിന്മടങ്ങ് ചുരുളഴിയാത്ത രഹസ്യങ്ങളാണ് സിനിമ കണ്ടുതീരുംതോറും അഴിഞ്ഞഴിഞ്ഞു വരുന്നത്.
പച്ചമാംസം കടിച്ചു വലിക്കുന്ന വേട്ട മൃഗങ്ങളും ഇരുട്ടും പാമ്പും തേളുമുള്ള കൂറ്റന്റെ കോട്ടയും അതിലേക്ക് വരുന്ന വരുന്ന നായക കഥാപാത്രവും എല്ലാം നിഗൂഢതകളിലേക്ക് എത്തിച്ചേരാൻ ഗൂഢാലോചന നടത്തിക്കൊണ്ടേയിരിക്കും. കോട്ടയിലിലേക്ക് എത്തിച്ചേർന്ന നായകനും അതിനുശേഷം ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.
സംവിധായകൻ ശ്രീജിത്ത് ഇടവന ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ ഒരു ത്രില്ലർ, സർവ്വൈവർ കോമ്പിനേഷനാണ്. തിയറ്റർ എക്സ്പീരിയൻസ് വാക്കുകളിൽ എഴുതാനാവില്ല അത് എക്സ്പീരിയൻസ് ചെയ്ത് തന്നെ അറിയണം.സിക്കാഡ എന്ന പേരിൽ തുടങ്ങുന്ന സിനിമ അവസാനിപ്പിക്കും വരെ നൂലിൽ കെട്ടിയപോല തുടർന്നുകൊണ്ടേയിരിക്കുന്നു.
മഞ്ഞുമ്മൽ ബോയ്സ്, ചുരുളി, അജഗജാന്തരം തുടങ്ങിയ ചിത്രങ്ങളുടെ ഓഡിയോഗ്രാഫിയിലൂടെ ശ്രദ്ധേയനായ ഫസൽ എ ബക്കറുടെ സൗണ്ട് ഡിസൈനിങ് പരാമർശിക്കാതെ പോയാൽ നീതികേടാവും. നവീൻ രാജാണ് കാടിൻ്റെ വശ്യത മുഴുവൻ ക്യാമറയിൽ പകർത്തിവച്ചിരിക്കുന്നത്. കാടിൻറെ സംഗീതം കല്ലുകടി ഇല്ലാതെ പ്രേക്ഷകരിൽ എത്തിക്കുന്ന ശ്രീജിത്തിനെയും എടുത്തു പറയേണ്ടതുണ്ട്.
സിനിമയിൽ നിന്നും മുഴച്ചു നിൽക്കുകയോ താഴ്ന്നു നിൽക്കുകയോ ചെയ്യാതെ സിനിമയുടെ സംഗീതത്തിന് ഒപ്പം ഒഴുകുന്ന പാട്ടുകളാണ് ഒരുക്കിയിരിക്കുന്നത്.
സൂര്യപ്രകാശം അരിച്ചിറങ്ങുമ്പോൾ കാട് വെളിവായി വരുന്നതുപോലെ കൂറ്റന്റെ കോട്ടയിലെത്തുന്ന നടനൊപ്പം സിനിമ കഥപറഞ്ഞു തുടങ്ങുന്നു. വീണ്ടും പതിയെ ഇരുൾ വീഴുമ്പോൾ സത്യവും മിസ്റ്ററിയും തിരിച്ചറിയാൻ ആകാതെ പ്രേക്ഷകനും നായകനൊപ്പം നിഗൂഢതകളിലേക്ക് ഊളയിടുന്നതാണ് കഥയുടെ സഞ്ചാരം..
പത്തുവർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചു വരുന്ന നടൻ രജത്ത് സിനിമയ്ക്ക് വേണ്ടവിധം തന്നെ അഭിനയം കാഴ്ചവയ്ക്കുന്നുണ്ട്. 10 വർഷത്തെ ഇടവേള എന്നത് വെറും നമ്പർ മാത്രമാണെന്ന് രജത്ത് കാണിച്ചുതരുന്നു. ഗോളിലൂടെ പ്രേക്ഷകർക്ക് പരിചിതനായി മാറിയ രജത് ഉദ്യേഗത്തിന്റെ ഗോൾ അടിച്ചു കൊണ്ടാണ് പ്രേക്ഷക മനസ്സിലേക്ക് അടിച്ചു കേറുന്നത്. നടൻ ജെയിസ് ജോസിന്റെ പ്രകടനവും എടുത്തു പറയേണ്ടതാണ്. സ്ഥിരം വില്ലൻ പാറ്റേണുകൾ വിട്ട് അഭിനയ സാദ്ധ്യതകൾ പരീക്ഷിക്കുകയാണ് അദ്ദേഹം.
ലിയാനോ ഡി കാപ്രിയയുടെ ഷട്ടർ ഐലൻഡ് ഓർമ്മിപ്പിക്കും വിധം ഇത് മുഴുവൻ നമ്മുടെ തോന്നലുകൾ ആയിരുന്നോ അതോ യാഥാർത്ഥ്യം ഇതായിരുന്നോ എന്ന ചോദ്യചിഹ്നം വിട്ടുകൊണ്ടാണ് സിനിമ അവസാനിപ്പിക്കുന്നത്. ചിത്രം കഴിഞ്ഞിറങ്ങുമ്പോൾ മനസ്സിൽ വീണ്ടും സിനിമ ഓടിതുടങ്ങുന്ന വേറിട്ട അനുഭവം. ചിത്രത്തിൻറെ കാസ്റ്റിംഗ് വലിയ കയ്യടി ഡിമാൻഡ് ചെയ്യുന്നുണ്ട്. പ്രതീക്ഷ ഭാരത്തോടെ തന്നെ ധൈര്യമായിട്ട് ടിക്കറ്റ് എടുത്തോളൂ. മികച്ച ദൃശ്യാനുഭവം ആയിരിക്കും ഉറപ്പ്.
തീര്‍ണ ഫിലിംസ് ആന്റ് എന്‍റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വന്ദന മേനോന്‍, പി ഗോപകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്ചിത്രം നിര്‍മിക്കുന്നത്. ഷൈജിത്ത് കുമരന്‍ ആണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. ഗാനരചന– വിവേക് മുഴക്കുന്ന്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജേഷ് കെ മത്തായി. ഓഡിയോഗ്രാഫി– ആഡ് ലിന്‍ സൈമണ്‍ ചിറ്റിലപ്പിള്ളി, സൗണ്ട് എഡിറ്റര്‍– സുജിത് സുരേന്ദ്രന്‍. ശബ്ദമിശ്രണം– ഫസല്‍ എ ബക്കര്‍ സ്റ്റുഡിയോ– എസ്.എ. സ്റ്റുഡിയോ, പിആര്‍ഒ– എ.എസ്. ദിനേശ്, പ്രമോഷൻ& മാർക്കറ്റിംങ് –മൂവി ഗാങ്, കലാസംവിധാനം –ഉണ്ണി എല്‍ദോ, കോസ്റ്റ്യൂം–ജെസിയ ജോര്‍ജ്, നൃത്തസംവിധാനം–റ്റീഷ്യ , മേക്കപ്പ് ജീവ, കോ–പ്രൊഡ്യൂസര്‍– ശ്രീനാഥ് രാമചന്ദ്രന്‍, കെവിന്‍ ഫെര്‍ണാണ്ടസ്, സല്‍മാന്‍ ഫാരിസ്, ഗൗരി ടിംബല്‍, പ്രവീണ്‍ രവീന്ദ്രന്‍. ലൈന്‍ പ്രൊഡ്യൂസര്‍– ദീപക് വേണുഗോപാല്‍, അനീഷ് അട്ടപ്പാടി, പ്രജിത്ത് നമ്പ്യാര്‍, ഉണ്ണി എല്‍ദോ. സ്റ്റില്‍സ്– അലന്‍ മിഥുന്‍, പോസ്റ്റര്‍ ഡിസൈന്‍–മഡ് ഹൗസ്