കർണാടകയിൽ വീണ്ടും ഹിജാബ് (Hijab) ധരിച്ച വിദ്യാർത്ഥികൾക്ക് വിലക്ക്. ചിക്കമംഗ്ലൂരു സര്‍ക്കാര്‍ കോളേജില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ നിന്ന് പുറത്താക്കി. പ്രിന്‍സിപ്പള്‍ നേരിട്ട് എത്തി അഞ്ച് വിദ്യാര്‍ത്ഥിനികളോട് ക്ലാസിന് പുറത്ത് പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് ഉഡുപ്പി സര്‍ക്കാര്‍ വനിതാ കോളേജില്‍ ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥിനികളെ പുറത്താക്കിയത്. കളക്ടറുടെ ഇടപെടലില്‍ ഹിജാബ് ധരിച്ച് ക്ലാസില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് അനുമതി നല്‍കുകയും ചെയ്തിരുന്നു. യൂണിഫോമിലെ ഒരേ സ്വഭാവത്തിന് ഹിജാബ് വിലങ്ങ് തടിയാവുന്നെന്നായിരുന്നു പ്രിന്‍സിപ്പലിന്‍റെ വാദം. കോളേജിനകത്ത് അറബിയും ഉറുദുവും ബ്യാരി ഭാഷയും സംസാരിക്കരുതെന്നും കോളേജ് പ്രിന്‍സിപ്പല്‍ ഉത്തരവിട്ടിരുന്നു. ഹിന്ദി , കന്നഡ, കൊങ്കിണി, തുളു ഭാഷകളില്‍ മാത്രമേ കോളേജില്‍ വളപ്പില്‍ സംസാരിക്കാന്‍ പാടുള്ളൂ എന്നാണ് ഉത്തരവ്.