
ബംഗളൂരു: കര്‍ണാടകയില്‍ അയോധ്യ മാതൃകയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് ബി.ജെ.പി സര്‍ക്കാറിന്റെ പ്രഖ്യാപനം. മേയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ബസവരാജ് ബൊമ്മൈ സര്‍ക്കാറിന്റെ അവസാന ബജറ്റിലാണ് പദ്ധതി പ്രഖ്യാപിച്ചത്.
ആഞ്ജനേയ (ഹനുമാന്‍) ദേവന്റെ ജന്മസ്ഥലമായി കരുതപ്പെടുന്ന കൊപ്പാലിലെ അഞ്ജനാദ്രി കുന്നുകളില്‍ തീര്‍ഥാടന ടൂറിസം വികസന പദ്ധതിക്കായി 100 കോടി രൂപയുടെ പദ്ധതി തയാറാക്കി ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. ക്ഷേത്രങ്ങള്‍ക്കും മഠങ്ങള്‍ക്കുമായി 1000 കോടി രൂപ നീക്കിവെച്ചതായി ബസവരാജ് ബൊമ്മൈ അറിയിച്ചു. ഉത്തര്‍പ്രദേശിലെ അയോധ്യ രാമക്ഷേത്ര മാതൃകയില്‍ രാമനഗര രാമദേവര ബെട്ടയിലെ 19 ഏക്കറിലാണ് ക്ഷേത്രം നിര്‍മിക്കുക.
ക്ഷേത്ര ഭരണവകുപ്പായ മുസ്റെ വകുപ്പിന് കീഴിലുള്ളതാണ് പദ്ധതിപ്രദേശം. ‘ദക്ഷിണേന്ത്യയിലെ അയോധ്യ’യായി രാമദേവര ബെട്ടയെ മാറ്റിയെടുക്കുമെന്ന് മന്ത്രി അശ്വത് നാരായണും മുസ്റെ വകുപ്പു മന്ത്രി ശശികല ജോലെയും അറിയിച്ചിരുന്നു. ബംഗളൂരുവിന്റെ സമീപ ജില്ലയാണ് രാമനഗര. ബംഗളൂരുവില്‍നിന്ന് രാമദേവരബെട്ടയിലേക്ക് 50 കിലോമീറ്ററാണ് ദൂരം. ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ് സിനിമകളിലൊന്നായ ‘ഷോലെ’ ചിത്രീകരിച്ചത് ഈ കുന്നുകളിലായിരുന്നു.
എച്ച്.ഡി. കുമാരസ്വാമി മുഖ്യമന്ത്രിയായിരിക്കെ, രാമദേവരബെട്ടയിലെ കുന്നില്‍ യേശുക്രിസ്തുവിന്റെ പ്രതിമ സ്ഥാപിക്കുന്നതിനെതിരെ ബി.ജെ.പി വന്‍ പ്രചാരണം നടത്തിയിരുന്നു. വരുന്ന തെരഞ്ഞെടുപ്പില്‍ മേഖലയിലെ ഹിന്ദു വോട്ടുകളുടെ ക്രോഡീകരണം ലക്ഷ്യമിട്ടാണ് പദ്ധതി പ്രഖ്യാപനം.