Spread the love

ചരിത്രത്തിലാദ്യമായി തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കുന്നതിന് മുൻപ് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ഞെട്ടിച്ചിരിക്കുകയാണ് ബിജെപി. മധ്യപ്രദേശിലെയും ഛത്തീസ്ഗഡിലെയും സ്ഥാനാർഥി പ്രഖ്യാപനത്തിലൂടെ ബിജെപി യുദ്ധത്തിനുള്ള കളമാണ് തുറന്നിട്ടത്. കർണാടക തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം ബിജെപിക്ക് വലിയ ആഘാതമാണ് നൽകിയത്. 2024ലെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ പ്രസംഗിക്കാൻ താൻ വീണ്ടുമെത്തുമെന്ന് നരേന്ദ്ര മോദിയുടെ പ്രഖ്യാപനം അന്വർഥമാക്കണമെങ്കിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വിജയം കണ്ടേ മതിയാകൂ. കർണാടകയിലേതുപോലെ തിരിച്ചടി നേരിട്ടാൽ മോദിയുടെയും ബിജെപിയുടെയും സ്വപ്നത്തിന് മേൽ കരിനിഴൽ വീഴും.കേന്ദ്രത്തിൽ അധികാരം നഷ്ടപ്പെടുക എന്നത് ദുഃസ്വപ്നങ്ങളിൽ പോലും വരാതിരിക്കാൻ ശ്രദ്ധിക്കുകയാണ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിനുശേഷമാണ് സ്ഥാനാർഥി പ്രഖ്യാപനം നടന്നത്. 90 സീറ്റുകളുള്ള ഛത്തീസ്ഗഡിൽ 21 മണ്ഡലങ്ങളിലേക്കും 230 സീറ്റുകളുള്ള മധ്യപ്രദേശിലേക്ക് 39 മണ്ഡലങ്ങളിലേക്കും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മധ്യപ്രദേശിനും ഛത്തീസ്ഗഡിനും പുറമെ രാജസ്ഥാൻ, തെലങ്കാന, മിസോറം എന്നീ സംസ്ഥാനങ്ങളിലാണ് ഈ വർഷം തിരഞ്ഞെടുപ്പ് നടക്കുന്നത്.

ഛത്തീസ്ഗഡിൽ പുറത്തുവിട്ട സ്ഥാനാർഥിപട്ടികയിൽ മുൻ മുഖ്യമന്ത്രി രമൺ സിങ്ങിന്റെ പേര് ഉൾപ്പെട്ടിട്ടില്ല. അഞ്ച് സ്ത്രീകളും പത്ത് ആദിവാസി വിഭാഗത്തിൽപ്പെടുന്നവരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. മധ്യപ്രദേശിലെ പട്ടികയിൽ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെയും മറ്റ് മുതിർന്ന നേതാക്കളുടെയും പേരില്ല. മധ്യപ്രദേശിൽ അഞ്ച് സ്ത്രീകളും 21 ആദിവാസികളും ഉൾപ്പെടുന്ന പട്ടികയാണ് പുറത്തുവന്നത്.

Leave a Reply