Spread the love


കരുവന്നൂർ ബാങ്ക് തട്ടിപ്പ്: നാല് പ്രതികളെ പുറത്താക്കി സിപിഎം.


തൃശ്ശൂർ : കരുവണ്ണൂർ സഹകരണ ബാങ്കിലെ 300 കോടി രൂപയുടെ വെട്ടിപ്പിൽ സിപിഎം നേതാക്കളും പ്രതികളുമടക്കം 13 പേർക്കെതിരെ കൂട്ട നടപടി.ബാങ്ക് പ്രസിഡൻറ് അടക്കം 4 പാർട്ടി അംഗങ്ങളെ ജില്ലാ കമ്മിറ്റി പുറത്താക്കി.ജില്ലാ സെക്രട്ടറിയേറ്റ് മുൻ അംഗം അടക്കം മറ്റ് 9 പേർക്കെതിരെയും നടപടി എടുക്കാൻ തീരുമാനിച്ചു.110 കോടി രൂപയുടെ അഴിമതി നടന്നെന്നാണ് വിലയിരുത്തൽ. അതേസമയം, പ്രതികളിൽ നാല് പേരെ അറസ്റ്റ് ചെയ്തെന്ന വിവരം ക്രൈബ്രാഞ്ച് ഇന്നലെയും സ്ഥിതീകരിച്ചിട്ടില്ല.ബാങ്ക് പ്രസിഡൻന്റും സിപിഎം മാടായിക്കോണം ബ്രാഞ്ച് അംഗവുമായ കെ.കെ. ദിവാകരൻ, അഴിമതി കേസിലെ ഒന്നാം പ്രതിയും കരുവന്നൂർ ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും ഇപ്പോൾ അംഗവുമായ ടി. ആർ.സുനിൽ കുമാർ, രണ്ടാം പ്രതിയും ബാങ്ക് മാനേജരും പൊറത്തിശ്ശേരി കമ്മിറ്റി അംഗവുമായ ബിജു കരീം,അഞ്ചാം പ്രതിയും തൊടുപറമ്പ് ബ്രാഞ്ച് അംഗവുമായ സി.കെ. ജിൽസ് എന്നിവരെയാണ് പുറത്താക്കിയത്.
കേസുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടറിയേറ്റ് മുൻ അംഗവും ബാങ്ക് മുൻ പ്രസിഡന്റും മുതിർന്ന നേതാവുമായ സി. കെ.ചന്ദ്രനെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ. ആർ.വിജയ, ഉല്ലാസ് കളക്കാട് എന്നിവരെ ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ഇരിഞ്ഞാലക്കുട ഏരിയ സെക്രട്ടറി കെ. സി.പ്രേമരാജൻ,കരുവന്നൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി. എസ്. വിശ്വംഭരൻ എന്നിവരെ സ്ഥാനത്തുനിന്ന് നീക്കി.ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ എം. ബി.ദിനേശ്,ടി.എസ്.ബൈജു,അമ്പിളി മഹേഷ്, എ.നാരായണൻ എന്നിവരെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഇരിഞ്ഞാലക്കുട നഗരസഭ പ്രതിപക്ഷ നേതാവായ കെ.ആർ.വിജയ നിയമസഭ തെരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുടയിലെ സ്ഥാനാർഥി സാധ്യതാ പട്ടികയിലുണ്ടായിരുന്നു.രണ്ടു ദിവസമായി ജില്ലാ സെക്രട്ടറിയേറ്റിൽ ചേർന്ന ചർച്ചകൾക്ക് ശേഷമാണ് പാർട്ടി നടപടി.

Leave a Reply