Spread the love

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: കാണാതായ മുന്‍ സിപിഎം പ്രവര്‍ത്തകന്‍ തിരിച്ചെത്തി;യാത്ര പോയതെന്ന് വിശദീകരണം.


തൃശൂർ : കരുവന്നൂർ ബാങ്ക് തട്ടിപ്പ‍് സംബന്ധിച്ച നിയമപോരാട്ടങ്ങൾ നടത്തിയതിന് സിപിഎമ്മിൽനിന്നു പുറത്താക്കപ്പെട്ട മുൻ ബ്രാഞ്ച് സെക്രട്ടറി സുജേഷ് കണ്ണാട്ട് തിരിച്ചെത്തി. തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ ഒറ്റായാൾ സമരം നടത്തിയിരുന്ന സുജേഷിന്റെ തിരോധാനം ഏറെ ചര്‍ച്ചയായിരുന്നു.
ബാങ്ക് തട്ടിപ്പിനെതിരെ സമരം നടത്തിയതിന് സുജേഷിന് ഭീഷണിയുണ്ടായിരുന്നെന്ന് ബന്ധുക്കൾ അറിയിച്ചിരുന്നു. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ഇദ്ദേഹം വീട്ടില്‍ തിരിച്ചെത്തിയത്. യാത്ര പോയതെന്നാണ് വിശദീകരണം.
 ശനിയാഴ്ച ഉച്ചയോടെയാണ് സുജേഷിനെ കാണാതായത്. സുജേഷിന്റെ സഹോദരന്റെ പരാതിയിൽ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തിരുന്നു. വീട്ടിൽ തിരിച്ചെത്തിയതോടെ പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
പാർട്ടിയുടെ എതിർപ്പ് അവഗണിച്ചു കരുവന്നൂർ സഹകരണ ബാങ്കിനു മുന്നിൽ സുജേഷ് നടത്തിയ ഒറ്റയാൾ സമരത്തിലൂടെയാണു ബാങ്ക് വായ്പത്തട്ടിപ്പ് ജനശ്രദ്ധ പിടിച്ചുപറ്റുന്നത്. ഇതു പാർട്ടിവിരുദ്ധ പ്രവർത്തനമായി വിലയിരുത്തി ഒന്നര മാസം മുൻപു സുജേഷിനെ സിപിഎം പ്രാഥമികാംഗത്വത്തിൽനിന്നു പൊറത്തിശേരി സൗത്ത് ലോക്കൽ കമ്മിറ്റി പുറത്താക്കിയിരുന്നു. വിശദീകരണം പോലും തേടാതെയായിരുന്നു നടപടി. എന്നിട്ടും നിയമപോരാട്ടം അവസാനിപ്പിക്കാൻ സുജേഷ് കൂട്ടാക്കിയില്ല.
തട്ടിപ്പിനെക്കുറിച്ചു മുഖ്യമന്ത്രിക്ക് അടക്കം പരാതികൾ നൽകി. ഇതോടെ സുജേഷിനെതിരെ പലവട്ടം വധഭീഷണിയുണ്ടായി. പൊലീസിനു പരാതി നൽകുകയും ചെയ്തു. ശനിയാഴ്ച രാവിലെ സഹോദരന്റെ വീട്ടിൽനിന്നു കാറിൽ തൃശൂരിലേക്കു പുറപ്പെട്ട സുജേഷ് തിരിച്ചു വീട്ടിലെത്താത്തതിനെ തുടർന്നായിരുന്നു പരാതി നൽകിയത്. ബാങ്ക് തട്ടിപ്പിനെതിരെ കഴിഞ്ഞ 5 വർഷമായി സുജേഷ് പാർട്ടിക്കുള്ളിൽ എതിർപ്പ് ഉയർത്തിയിരുന്നു.തൃശൂരിലെ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മാനേജിങ് പാർട്ണറാണു സുജേഷ്.

Leave a Reply