തമിഴ്നാട്ടിൽ നിന്ന് ലോറിയിൽ കാസർകോട്ടെ മാര്‍ക്കറ്റിലെത്തിച്ച 200 കിലോ പഴകിയ മത്സ്യം പിടികൂടി. ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് തമിഴ്നാട്ടിൽ നിന്നും ഭക്ഷണ സാധനങ്ങൾ പിടിച്ചത്. സംസ്ഥാന വ്യാപകമായി കഴിഞ്ഞ ആറ് ദിവസമായി 1132 ഇടങ്ങളിലാണ് പരിശോധന നടന്നത്. 110 കടകൾ പൂട്ടിച്ചു. 347 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. 140 കിലോ പഴകിയ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 93 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന ക്യാംപെയ്ന്റെ ഭാഗമായി മീനിലെ മായം കണ്ടെത്താന്‍ ‘ഓപ്പറേഷന്‍ മത്സ്യ’, ശര്‍ക്കരയിലെ മായം കണ്ടെത്താന്‍ ‘ഓപ്പറേഷന്‍ ജാഗറി’ എന്നിവ ആവിഷ്‌ക്കരിച്ച് പരിശോധനകള്‍ ശക്തമാക്കി. വെളിച്ചെണ്ണ, കറി പൗഡറുകള്‍, പാല്‍ തുടങ്ങിയ ഭക്ഷ്യ വസ്തുക്കളും പ്രത്യേകമായി പരിശോധിക്കാൻ തീരുമാനിച്ചു.