Spread the love

കാസർകോഡ്: ഗോവയിൽ നിന്ന് ലോറിയിൽ കടത്തിയ സ്പിരിറ്റും ഗോവൻ മദ്യവും പിടികൂടി. കാസർകോട് നീലേശ്വരത്ത് എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് 1800 ൽ അധികം ലിറ്റർ സ്പിരിറ്റും ഗോവൻ മദ്യവും പിടികൂടിയത്. സംഭവത്തിൽ ലോറി ഡ്രൈവർ മഞ്ചേരി സ്വദേശി സൈനുദ്ദീനെ അറസ്റ്റ് ചെയ്തു.

ഗോവയിൽ നിന്ന് തൃശൂരിലേക്ക് പെയ്ന്റുമായി പോവുകയായിരുന്നു ലോറി. പെയ്ന്റ് പാത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിലാണ് സ്പിരിറ്റും മദ്യവും കണ്ടെടുത്തത്. 1890 ലിറ്റര്‍ സ്പിരിറ്റും 1323 ലിറ്റര്‍ ഗോവന്‍ മദ്യവുമാണ് ലോറിയില്‍ നിന്ന് പിടികൂടിയത്. നീലേശ്വരത്ത് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് കടത്ത് കണ്ടെത്തിയത്.

പാലക്കാട് സ്വദേശിയുടെ ഉടമസ്ഥതയിൽ ഉള്ള ലോറിയിലായിരുന്നു കടത്ത്. ഇത്തരത്തിൽ സ്പിരിറ്റ് കടത്തുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പിടിച്ചെടുത്തത്. കേസുമായി ബന്ധപ്പെട്ട് ഗോവയിൽ സഹായിച്ചവരെക്കുറിച്ച് വിശദമായി അന്വേഷിക്കാനാണ് എക്‌സെസ് തീരുമാനം.

തൃശൂരിലെ കൂട്ടാളികളെക്കുറിച്ചും അന്വേഷിക്കും. ഇതിന് മുമ്പും ഇത്തരത്തില്‍ കടത്തിയിട്ടുണ്ടോ എന്നുള്ള അന്വേഷണവും തുടങ്ങിയിട്ടുണ്ട്.

Leave a Reply