പകയുടെ കഥ പറഞ്ഞ ‘പണി’ ഗംഭീര ബോക്സോഫീസ് വിജയത്തോടെ ഒടിടിയിൽ എത്തിയത് അടുത്തിടെയാണ്. ജനുവരി 16 മുതൽ ചിത്രം സോണി ലിവിൽ സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. തിയേറ്ററുകളിൽ മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടിയ ചിത്രം കുടുംബ പ്രേക്ഷകരടക്കം ഏവരും ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടി പ്ലേയിൽ ഒരേസമയം നാല് ഭാഷകളിലും ട്രെൻഡിംഗായിരിക്കുകയാണ്. ഒടിടി പ്ലേയിൽ ടോപ് ടെന്നിൽ ഒരു സിനിമയുടെ തന്നെ നാല് ഭാഷകളിലുള്ള പതിപ്പുകൾ ഇത്തരത്തിൽ ട്രെൻഡിംഗാവുന്നത് അപൂർവ്വതയാണ്.
ഒടിടി പ്ലേ മലയാളം ട്രെൻഡിംഗ് ലിസ്റ്റിൽ ‘പണി’യുടെ മലയാളം പതിപ്പ് ഒന്നാം സ്ഥാനത്താണ്. തെലുങ്ക് ലിസ്റ്റിൽ അഞ്ചാമതും ഹിന്ദി ലിസ്റ്റിൽ ഏഴാമതും തമിഴ് ലിസ്റ്റിൽ എട്ടാമതും ഉള്‍പ്പെട്ടിരിക്കുകയാണ് ചിത്രം.
സംവിധായകനും നടനുമായ ജോജു ജോര്‍ജ്ജ് ഒരുക്കിയ ചിത്രം മികച്ച ബോക്സോഫീസ് കളക്ഷനോടെ തിയേറ്ററുകളിൽ 50 ദിനങ്ങൾ പിന്നിട്ടിരുന്നു. അടുത്തിടെ ഒടിടിയിലും എത്തിയതോടെ ഗൂഗിളിലും ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം പിടിച്ചിരുന്നു. ഗൂഗിളിൽ എന്‍റർടെയ്ൻമെന്‍റ് വിഭാഗത്തിൽ അഖിലേന്ത്യ തലത്തിൽ രണ്ടാമതായാണ് ‘പണി’ ഇടം നേടിയിരുന്നത്.