പരിമിതികളെ അവസരമാക്കി കശ്യപിന്റെ യൂട്യൂബ് ചാനൽ
സംസ്ഥാന ഭിന്നശേഷി അവാർഡ് 2021ലെ ബെസ്റ്റ് ക്രിയേറ്റീവ് ചൈൽഡ് വിത്ത് ഇന്റലക്ചൽ ഡിസബിലിറ്റി എന്ന വിഭാഗത്തിൽ പുരസ്കാരം നേടി മലപ്പുറം ജില്ലയിലെ മൂക്കുതല ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി കശ്യപ് റാം എസ്. ഓട്ടിസം, മസ്ക്കൂലാർ ഡിസ്ട്രോഫി, ഹൈപ്പോ തൈറോയ്ഡിസം എന്നീ വൈകല്യങ്ങളെ അതിജീവിച്ച് പതിനൊന്നാമത്തെ വയസിൽ സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ സ്ഥാനം നേടിയാണ് കശ്യപ് ശ്രദ്ധേയനായത്.
ലവ്, ലാഫ് ലിവ് വിത്ത് ആനി എന്നാണ് കശ്യപിന്റെ യൂട്യൂബ് ചാനലിന്റെ പേര്. കഥപറയൽ, പരീക്ഷണങ്ങൾ, വ്യക്തിഗത ബ്ലോഗുകൾ തുടങ്ങി രസകരമായ വീഡിയോകളിലൂടെ നിരവധി ആരാധകരെ ഇതിനോടകം കശ്യപ് സ്വന്തമാക്കി കഴിഞ്ഞു.
തിരൂർ കോടതി ജൂനിയർ സൂപ്രണ്ടായ ഷാജേഷിന്റെയും ദിവ്യയുടെയും മകനാണ് കശ്യപ്. എട്ടാം ക്ലാസിൽ പഠിക്കുന്ന കാശിനാഥനാണ് സഹോദരൻ. സംസ്ഥാന സർക്കാരിന്റെ ഒരു അംഗീകാരം കശ്യപിന് ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് അമ്മ ദിവ്യ പറഞ്ഞു.
ഇലക്ട്രോണിക്സ് മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളോടാണ് കശ്യപിന് കൂടുതൽ താല്പര്യം.
ഭിന്നശേഷിക്കാരായ ഓരോ കുട്ടികൾക്കും പ്രചോദനമാകാനാണ് തന്റെ യൂട്യൂബ് ചാനൽകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് കശ്യപ് പറയുന്നു.