ഗൂഡല്ലൂർ : മുതുമല ആനപ്പന്തിയെ ലോകപ്രശസ്തമാക്കിയ മൂർത്തി എന്ന മോഴയാന ചരിഞ്ഞു. ശനിയാഴ്ച വൈകിട്ട് തെപ്പക്കാട് ആനപ്പന്തിയിലാണ് ചരിഞ്ഞത്. 60 വയസ്സായിരുന്നു. ഒരു വർഷമായി ആരോഗ്യനില മോശമായിരുന്നു 2 വർഷം മുൻപാണു വനം വകുപ്പിന്റെ രേഖകളിൽ വിശ്രമ ജീവിതം അനുവദിച്ചത്.
കേരളം,തമിഴ്നാട്, കർണാടക വനാതിർത്തികളിൽ 23 പേരെ ആക്രമിച്ചു കൊലപ്പെടുത്തിയ ക്രൈം റെക്കോർഡിന്റെ ഉടമയാണ് മൂർത്തി. 1998ൽ കേരള വനം വകുപ്പ് വെടിവച്ചുകൊല്ലാൻ ഉത്തരവിട്ടിരുന്നു. 1998 ജൂലൈ 12ന് ഗൂഡല്ലൂരിനടുത്ത് പുളിയമ്പാറയിൽ വച്ച് ഡോ. അശോകന്റെ നേതൃത്വത്തിലുള്ള സംഘം ഈ ആനയെ മയക്കു വെടിവച്ച് തളച്ചു.
അവിടെ നിന്ന് 20 കിലോമീറ്റർ വനത്തിലൂടെ നടത്തിയാണ് മൂർത്തിയെ തെപ്പക്കാട് ആനപ്പന്തിയിലെ കൊട്ടിലിൽ അടച്ചത്. പിന്നീട് ആനച്ചട്ടങ്ങൾ പഠിപ്പിച്ചു. മൂർത്തിയുടെ ശരീരത്ത് ഉണ്ടായിരുന്ന മുറിവുകൾ ഭേദമാക്കി. കൂടുതൽ മുറിവുകളും വെടിയുണ്ടയേറ്റ പാടുകൾ ആയിരുന്നു.