Spread the love

കണ്ണൂർ : ഉളിക്കൽ ടൗണിൽ കാട്ടാന ഇറങ്ങി. ഉളിക്കൽ സിനിമ തിയേറ്ററിന് മുന്നിലാണ് ആനയെ ആദ്യം കണ്ടത്. ആനയെ കണ്ട് വിരണ്ടോടിയ മൂന്നു പേർക്ക് പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിലവിൽ സമീപത്തെ ലത്തീൻ പള്ളിക്ക് മുന്നിലാണ് ആനയെന്നാണ് വിവരം. ആനയുടെ സമീപത്തേക്ക് ആളുകൾ എത്താതിരിക്കാൻ ബാരിക്കേഡ് വച്ച് പൊലീസ് തടഞ്ഞിരിക്കുകയാണ്. ഉളിക്കൽ മേഖലയിൽ സ്ക്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ടൗണിൽ വ്യാപാര സ്ഥാപനങ്ങളും അടച്ചു. വനം വകുപ്പും പഞ്ചായത്തും ചേർന്ന് ടൗൺ ഒഴിപ്പിക്കുന്നു.

കർണാടക വനത്തിൽ നിന്ന് ഇറങ്ങിയാണെന്ന് സംശയിക്കുന്നു. ഉളിക്കലിൽനിന്ന് പത്തു കിലോമീറ്റർ അകലെയാണ് വനം. ആനയെ തുരത്താനുള്ള ശ്രമങ്ങൾ തുടരുന്നു. മയക്കുവെടി പ്രായോഗികമല്ലെന്നാണ് വനം വകുപ്പ് അറിയിച്ചത്. പടക്കം പൊട്ടിച്ച് ആനയെ സമീപത്തെ കശുമാവിൻ തോപ്പിലേക്ക് തുരത്താനാണ് ശ്രമം. ഉന്നത പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.

Leave a Reply