വയനാട്: കാട്ടാനയുടെ ആക്രമണത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് കര്‍ണാടക സ്വദേശികളായ യുവാക്കള്‍. മുത്തങ്ങ-ബന്ദിപ്പൂര്‍ വനപാതയിലാണ് ആനയുടെ ആക്രമണമുണ്ടായത്. ആന ബൈക്കിന് പിന്നാലെ പാഞ്ഞടുക്കുന്ന ഞെട്ടിക്കുന്ന ദൃശ്യം പുറത്തുവന്നു.
ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. ആനക്കൂട്ടത്തെ കണ്ട യുവാക്കള്‍ വനപാതയില്‍ ബൈക്ക് നിര്‍ത്തിയതിന് പിന്നാലെയാണ് ആക്രമണമുണ്ടായതെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ നാസര്‍ പറഞ്ഞു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് യുവാക്കള്‍ക്ക് തൊട്ടുപിന്നില്‍വന്ന കാറിലുണ്ടായിരുന്ന നാസറും കൂട്ടുകാരുമാണ്.
ആനക്കൂട്ടത്തിലെ ഒരാന ഭയപ്പെടുത്തിയപ്പോള്‍ യുവാക്കളുടെ ബൈക്ക് റോഡില്‍ മറിഞ്ഞുവീണിരുന്നു. ബൈക്ക് ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റൊരു ആന പിന്നിലൂടെ ഇവര്‍ക്ക് നേരേ പാഞ്ഞടുത്തത്. ആന വരുന്നത് ആദ്യം യുവാക്കള്‍ കണ്ടിരുന്നില്ല. മറ്റു വാഹനത്തിലുള്ളവര്‍ ഹോണ്‍ അടിച്ചും മറ്റും യുവാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ആന തൊട്ടടുത്തെത്തി. ഇതോടെ യുവാക്കളില്‍ ഒരാള്‍ ഓടിമാറി. ബൈക്കിലുണ്ടായിരുന്ന യുവാവ് വാഹനം വേഗം മുന്നേട്ടെടുക്കാനും ശ്രമിച്ചു. എന്നാല്‍ ആന പിന്നാലെ വന്നതോടെ നിയന്ത്രണംവിട്ട ബൈക്ക് റോഡിന് വശത്തേക്ക് വീണു. തുടര്‍ന്ന് ഓടിമാറിയ യുവാവ് റോഡിലുണ്ടായിരുന്ന കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു.