Spread the love

തെന്നിന്ത്യന്‍ ആരാധകരുടെ പ്രിയ അഭിനേത്രി അനുഷ്‌ക ഷെട്ടി കത്തനാര്‍ എന്ന ചിത്രത്തിലൂടെ ആദ്യമായി മലയാളത്തിലേക്ക് ചുവടുവെക്കുകയാണ്. അനുഷ്‌കയുടെ ജന്മദിനമായ ഇന്ന് ക്യാരക്ടര്‍ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.സെക്കന്റുകള്‍ മാത്രമുള്ള വീഡിയോയില്‍ നിള എന്ന കഥാപാത്രത്തിന്റെ പേരും അവതരിപ്പിക്കുന്നുണ്ട്. പല നിറങ്ങളിലുള്ള നൂലൂകള്‍ ചേര്‍ന്നെത്തി കഥാപാത്രത്തിന്റെ രൂപം നെയ്‌തെടുക്കും പോലെയാണ് ഈ വീഡിയോ ഒരുക്കിയിരിക്കുന്നത്.

‘പ്രിയപ്പെട്ട അനുഷ്‌ക ഷെട്ടിക്ക് മാജിക്കലായ ഒരു ജന്മദിനം ആശംസിക്കുന്നു. കത്തനാര്‍ – ദ വൈല്‍ഡ് സോര്‍സറര്‍ എന്ന ചിത്രത്തിലെ ആകര്‍ഷകമായ കഥാപാത്രത്തിലൂടെ മലയാള സിനിമയിലേക്ക് ഗംഭീരമായ ചുവടുവെയ്പ്പ് നടത്തുകയാണ് അനുഷ്‌ക,’ എന്ന വരികളോടെയാണ് അണിയറ പ്രവര്‍ത്തകര്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ജയസൂര്യയുടെ ‘കത്തനാര്‍ – ദി വൈല്‍ഡ് സോഴ്‌സറര്‍’ എന്ന ചിത്രം കടമറ്റത്തു കത്തനാരുടെ കഥയാണ് പറയുന്നത്. രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസിന് ഒരുങ്ങുകയാണ്. അനുഷ്‌ക ഷെട്ടിക്കും ജയസൂര്യക്കുമൊപ്പം പ്രഭുദേവയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. നേരത്തെ കത്തനാരിലെ ചില ദൃശ്യങ്ങള്‍ പങ്കുവെക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു.മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലിഷ്, ബംഗാളി, ചൈനീസ്, ഫ്രഞ്ച്, കൊറിയന്‍, ഇറ്റാലിയന്‍, റഷ്യന്‍, ഇന്‍ഡോനേഷ്യന്‍, ജാപ്പനീസ്, ജര്‍മന്‍ തുടങ്ങി 17 ഓളം ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Leave a Reply