
അങ്കമാലി : സഞ്ചാരികൾക്കു വിരുന്നായി കാട്ടാനയുടെ ഉച്ചമയക്കം. ഇന്നലെ ഒരു മണിയോടെ കാലടി പ്ലാന്റേഷൻ അതിരപ്പിള്ളി എസ്റ്റേറ്റിൽ വഞ്ചിക്കടവ് ഭാഗത്ത് റോഡിനു സമീപത്ത് ഉറങ്ങുന്ന കാട്ടാനയെ കണ്ടത്. പ്ലാന്റേഷൻ റോഡുകളിൽ ഗതാഗതം മുടക്കി കാട്ടാനകൾ നിൽക്കാറുണ്ട്. എന്നാൽ വാഹനങ്ങളുടെയും യാത്രക്കാരുടെയും സാന്നിധ്യമുള്ള പകൽ സമയത്ത് കാട്ടാനയുടെ മയക്കം അപൂർവമായാണു കാണാനാകുക. കുറ്റിക്കാടിനു കീഴെ ഉറങ്ങുന്ന കാട്ടാനയുടെ ചിത്രങ്ങൾ വഴിയാത്രക്കാരും വിനോദസഞ്ചാരികളും ഫോണിൽ പകർത്തി. ആളുകളുടെ ബഹളം കേട്ടാണു കാട്ടാന ഉണർന്നത്. ഉറക്കത്തിൽ നിന്ന് ഉണർത്തിയെങ്കിലും പ്രകോപനമൊന്നും ഉണ്ടാക്കാതെ വേഗത്തിൽ കാടുകയറുകയും ചെയ്തു.
കാട്ടാന ഉറങ്ങിയ ഭാഗത്തു നിന്നു കുറച്ചുമാറി ജനവാസകേന്ദ്രമുണ്ട്. കാലടി പ്ലാന്റേഷനിൽ മുൻകാലങ്ങളെ അപേക്ഷിച്ചു കാട്ടാനകളുടെ ശല്യം രൂക്ഷമാണ്. 15,10 ബ്ലോക്കുകളിൽ മുപ്പതിലേറെ കാട്ടാനകളുടെ കൂട്ടങ്ങളാണ് ഇറങ്ങുന്നത്. കഴിഞ്ഞദിവസം പോസ്റ്റ് ഓഫിസിനു സമീപത്ത് കാട്ടാനക്കൂട്ടം ഇറങ്ങിയിരുന്നു. കഴിഞ്ഞ ദിവസം രാത്രി പതിമൂന്നാം ബ്ലോക്കിൽ ഡിവിഷൻ ഓഫിസ് തകർക്കാൻ ശ്രമിച്ചു. എട്ടാം ബ്ലോക്കിൽ ഡിവിഷൻ ഓഫിസിന്റെ വാതിൽ തകർക്കുകയും ചെയ്തു. 6,9,17 ബ്ലോക്കുകളിൽ കാട്ടാനശല്യം രൂക്ഷമാണ്. പതിനേഴാം ബ്ലോക്കിൽ വൈകിട്ട് 4 മണി കഴിഞ്ഞാൽ കാട്ടാനയിറങ്ങും. ജോലി സ്ഥലത്തു നിന്നു നേരത്തേ ഇറങ്ങി വീട്ടിലെത്തേണ്ട സ്ഥിതിയാണ് ഇവിടെ തൊഴിലാളികൾക്ക്. കണ്ണിമംഗലം, കടുകുളങ്ങര തുടങ്ങിയ ഭാഗങ്ങളിലും കാട്ടാനകളുടെ ശല്യം കൂടിയിട്ടുണ്ട്.