Spread the love

ഗൂഡല്ലൂർ : ബാല്യകാല സുഹൃത്തുക്കളെ കണ്ടു, ശ്രീനിവാസന് പഴയ ഓർമകൾ തിരിച്ചെത്തി. സുഹൃത്തുക്കളുടെ സഹായത്തോടെ തളച്ചിരുന്ന വേലി കല്ല് പൊട്ടിച്ചു മൂവരും കാട്ടിൽ കയറി‍. ഇരുമ്പുപാലത്ത് ശല്യക്കാരായ കാട്ടാനകളെ തുരത്താനെത്തിയ താപ്പാന ശ്രീനിവാസനാണു കുറച്ച് മണിക്കൂറുകൾ സുഹൃത്തുക്കൾക്കൊപ്പം കാട്ടിലെ സ്വാതന്ത്ര്യം അനുഭവിച്ചത്.

നാട്ടിലിറങ്ങി ആക്രമണം നടത്തുന്ന കട്ടകൊമ്പനെയും ബുള്ളറ്റിനെയും കാട്ടിലേക്കു തുരത്താനാണ് തെപ്പക്കാട് ആനപ്പന്തിയിൽ നിന്നു മറ്റു മൂന്നു താപ്പാനകൾക്കൊപ്പം ശ്രീനിവാസനനെ പന്തല്ലൂരിനടുത്ത് ഇരുമ്പുപാലത്തിൽ കൊണ്ടുവന്നത്. പകൽ നടത്തിയ തിരച്ചിലിനു ശേഷം വിശ്രമത്തിനായി ഇരുമ്പുപാലത്തിൽ മറ്റ് ആനകൾക്കൊപ്പം ശ്രീനിവാസനെയും തളച്ചിരുന്നു. രാത്രി 8.30ന് എത്തിയ കട്ടകൊമ്പനും, ബുള്ളറ്റും ശ്രീനിവാസന്റെ അടുത്തെത്തി. തളച്ചിരുന്ന വേലിക്കല്ല് പൊട്ടിച്ചു ചങ്ങലയുമായി മൂവരും കാട്ടിൽ കയറി.

വിവരമറിഞ്ഞു പാപ്പാൻമാർ നടത്തിയ തിരച്ചിലിൽ ശ്രീനിവാസനെ രാത്രി 12 മണിയോടെ വനത്തിനു സമീപത്തു നിന്നു കണ്ടെത്തി തിരിച്ചെത്തിച്ചു. കട്ടക്കൊമ്പനും, ബുള്ളറ്റിനും ഒപ്പം ചേരമ്പാടിയിലെ ജനവാസമേഖലയിൽ ആക്രമണങ്ങളുടെ പരമ്പര നടത്തിയ ശ്രീനിവാസനെ 2016ൽ വനം വകുപ്പ് മയക്കുവെടി വച്ച് പിടികൂടി ആനപ്പന്തിയിലെത്തിക്കുകയായിരുന്നു. ആനച്ചട്ടങ്ങൾ പഠിപ്പിച്ചു മികച്ച താപ്പാനയാക്കിയെങ്കിലും സുഹൃത്തുക്കളെ കണ്ടപ്പോൾ ശ്രീനിവാസൻ ചട്ടങ്ങൾ മറന്നു. തിരിച്ചെത്തിയ ശ്രീനിവാസനെ ഇന്നലെ കാട്ടാനകളെ തുരത്താനുള്ള ഡ്യൂട്ടിയിൽ നിന്നു മാറ്റി നിർത്തി.

Leave a Reply