ചെറുതും വലുതുമായ ഒരുപിടി കഥാപാത്രങ്ങളിലൂടെയും വില്ലൻ വേഷങ്ങളിലൂടെയും മലയാളികൾക്ക് സുപരിചിതനായ നടനാണ് കവിരാജ്. ഇപ്പോൾ സിനിമയിൽ നിന്നെല്ലാം പൂർണമായി മാറി ആത്മീയ ജീവിതത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ് നടൻ. ഇപ്പോഴിതാ താൻ സിനിമയിൽ നിന്നും പിന്മാറാനുള്ള കാരണം നേരിട്ട മോശം അനുഭവങ്ങൾ ആണെന്നും ദിലീപിന്റെ കരിയറിലെ ഹിറ്റ് ചിത്രമായ മീശ മാധവനിൽ അഭിനയിച്ചതിന് തനിക്ക് ലഭിച്ച പ്രതിഫലത്തെ കുറിച്ചും മനസ്സ് തുറക്കുകയാണ് ഒരു സ്വകാര്യ യൂ ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ കവിരാജ്.
”ഒന്നരമാസം മീശമാധവന്‍ സിനിമയ്ക്ക് വേണ്ടി പൊള്ളാച്ചിയില്‍ കിടന്ന് അലച്ചിട്ട് 200 രൂപ വണ്ടിക്കൂലിയാണ് മഹാ സുബൈര്‍ എന്ന നിര്‍മാതാവ് നുള്ളിപ്പെറുക്കി തന്നത്. 5000 രൂപയുടെ ചെക്ക് തന്നു. പടത്തിന്റെ ടെക്‌നിക്കല്‍ വര്‍ക്കെല്ലാം കഴിഞ്ഞ്, റിലീസായി ആറ് മാസത്തിന് ശേഷം മാറുന്ന തരത്തിലാണ് ചെക്ക്. അതാണ് അന്നത്തെ സമ്പാദ്യം അദ്ദേഹം പറയുന്നു.
സിനിമയില്‍ നിന്നും പൂര്‍ണമായി മാറാന്‍ കാരണം ചിലരുടെ സ്വഭാവമാണ്. പല ലൊക്കേഷിലും നികൃഷ്ടമായ പെരുമാറ്റങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. സീരിയലില്‍ പ്രധാന വില്ലന്‍ വേഷം അവതരിപ്പിക്കുന്ന സമയത്ത് ക്യാമറാമാന്‍ മാനസികമായി ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. പക്ഷെ അയാള്‍ അപമാനിച്ചിട്ടും താന്‍ ഒരു വാക്കു കൊണ്ടു പോലും പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നുണ്ട്.









