തിരുവനന്തപുരം: കോർപ്പറേഷനിലെ നിയമനത്തിനായി പാർട്ടി ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് മേയർ ആര്യ രാജേന്ദ്രൻ കത്തയച്ചെന്ന വിവാദം കേരളത്തിൽ കത്തി നിൽക്കുകയാണ്. അതിനിടയിലാണ് കഴിഞ്ഞ യു ഡി എഫ് സർക്കാരിന്‍റെ കാലത്ത് സർക്കാർ അഭിഭാഷക നിയമനത്തിനായി മന്ത്രിമാരും , എം എൽ എ മാരും , എം പിമാരും കോൺഗ്രസ് നേതാക്കളും അയച്ച ശുപാർശ കത്തുകളും പുറത്തുവരുന്നത്.
എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ , യു ഡി എഫ് ഭരണത്തിൽ മന്ത്രിയായി സേവനം അനുഷ്ഠിച്ചിട്ടുള്ള എ പി അനിൽകുമാർ, കൊടിക്കുന്നിൽ സുരേഷ് എം പി, കെ പി ധനപാലൻ , പീതാമ്പര കുറുപ്പ് , എം എൽ എ മാരായിരുന്ന പി ടി തോമസ് , പി സിവിഷ്ണുനാഥ് , ഷാഫി പറമ്പിൽ , ഹൈബി ഈഡൻ, ടി എൻ പ്രതാപൻ, വർക്കല കഹാർ , എ ടി ജോർജ്ജ് , ജോസഫ് വാഴയ്ക്കൻ, കോൺഗ്രസ് ദേശീയ നേതാവായിരുന്ന ഓസ്ക്കാർ ഫെർണാണ്ടസ് , ഇപ്പോഴത്തെ യു ഡി എഫ് കൺവീനർ എം എം ഹസൻ , എ എ ഷൂക്കൂർ , കെ സി അബു , സി എം പിനേതാവ് സി പി ജോൺ , ലീഗ് നേതാവും എം എൽ എ യുമായിരുന്ന കെ എൻ എ ഖാദർ , വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി പ്രൈവറ്റ് സെക്രട്ടറി അബാസ് , തുടങ്ങിയവരും ശുപാർശ കത്ത് നൽകിയിട്ടുണ്ട്.
ഇത് കൂടാതെ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ,വിവിധ കോൺഗ്രസ് ബ്ലോക്ക് കമ്മറ്റികൾ ,മണ്ഡലം കമ്മറ്റികൾ എന്നിവരും മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിക്ക് അന്ന് ശുപാർശ കത്തുകൾ അയച്ചിട്ടുണ്ട്. എം എം ഹസൻ , പി സി വിഷ്ണുനാഥ് , ഷാഫി പറമ്പിൽ , സി പി ജോൺ , ഹൈബി ഇഡൻ എന്നിവർ സ്വന്തം കൈപ്പടയിലാണ് ഉമ്മൻ ചാണ്ടിയെ അഭിസംബോധന ചെയ്ത് കത്തുകൾ എഴുതിയിരിക്കുന്നത്. ബഹുമാനപ്പെട്ട ഉമ്മൻചാണ്ടി സർ എന്ന് അഭിസംബോധന ചെയ്താണ് ഇവർ ശുപാർശ കത്ത് അയച്ചിട്ടുള്ളത്. അന്നത്തെ ശുപാർശ കത്തുകളുടെ കൂടുതൽ ചിത്രങ്ങൾ ചുവടെ കാണാം.