കേരളത്തിലെ 20 ലക്ഷം വരുന്ന അഭ്യസ്തവിദ്യരായ യുവതി യുവാക്കൾക്ക് അഞ്ചു വർഷം കൊണ്ട് കെഡിസ്കിലൂടെ വീട്ടിൽ അല്ലെങ്കിൽ, വീട്ടിനരികിൽ ഇരുന്നു കൊണ്ട് ജോലി ചെയ്യാൻ ആവശ്യമായ സാഹചര്യം ഒരുക്കുമെന്ന് തദ്ദേശ സ്വയംഭരണം എക്സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ലോകത്ത് ഏറ്റവും കൂടുതൽ ഉന്നത വിദ്യാഭ്യാസം നേടിയ പെൺകുട്ടികൾ ഉള്ളത് കേരളത്തിലാണ്. കോടാനുകോടി രൂപ വിദ്യാഭ്യാസത്തിന് ചെലവഴിക്കുന്ന കേരളത്തിൽ തൊഴിൽ സാഹചര്യമൊരുക്കി സാമൂഹ്യ ജീവിതത്തിൽ അവരെ ചേർത്ത് നിർത്താനാകണം. ഒരാളുടെ അഭ്യർത്ഥനയുമില്ലാതെ അൺ എയ്ഡഡ് സ്കൂളുകളിൽ നിന്ന് ഒമ്പതേക്കാൽ ലക്ഷം കുട്ടികൾ പൊതു വിദ്യാലയങ്ങളിലേക്ക് വന്നത് അത്ഭുതാവഹമായ മാറ്റമാണ്.പൊതു വിദ്യാലയങ്ങളെ സംരക്ഷിക്കുമെന്ന സർക്കാറിൻ്റെ അടിയുറച്ച നയത്തിൻ്റെ വിജയമാണിത്. ഗുണമേന്മയുള്ള ജീവിതം നയിക്കുന്ന പാവപ്പെട്ടവരുടെ നാടാണ് കേരളംമെന്നും ഇത് ഇന്ത്യയിൽ മറ്റൊരിടത്തും കാണാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.നമ്മുടെ വിദ്യാഭ്യാസമേഖല ഇനിയും വളരെ മുന്നോട്ടു പോകേണ്ടതുണ്ട്. കേരളം ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം നേടുന്ന ഒരു വിജ്ഞാനകേന്ദ്രം ആയി മാറണം. പുതിയ സമൂഹം സൃഷ്ടിക്കുകയും പുതിയ നാടിനായി പ്രവർത്തിക്കുകയും വേണമെന്നും മന്ത്രി പറഞ്ഞു.