തെന്നിന്ത്യൻ സൂപ്പർ നായിക കീർത്തി സുരേഷിന്റെയും ദീർഘകാല സുഹൃത്ത് ആന്റണിയുടെയും വിവാഹം ഈയടുത്താണ് നടന്നത്. പ്രണയവിവാഹമായിരുന്നു ഇരുവരുടേതും. ഗോവയിൽ വെച്ചുനടന്ന സ്വകാര്യ പരിപാടിയിൽ സിനിമാതാരങ്ങളും പങ്കെടുത്തിരുന്നു. താൻ ആന്റണിയെ ആദ്യമായി കണ്ടതെപ്പോഴാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് കീർത്തി.
15 വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് വിവാഹിതരായതെന്നും സിനിമാ മേഖലയിൽത്തന്നെ കല്യാണി പ്രിയദർശൻ, ഐശ്വര്യ ലക്ഷ്മി പോലെ വളരെക്കുറച്ച് പേർക്കേ തന്റെയും ആന്റണിയുടേയും പ്രണയത്തെക്കുറിച്ച് അറിയുമായിരുന്നുള്ളൂ എന്നും കീർത്തി സുരേഷ് പറഞ്ഞു. രഹസ്യങ്ങൾ സൂക്ഷിക്കുന്നതിൽ തങ്ങൾ രണ്ടുപേരും മിടുക്കരാണെന്നാണ് തോന്നുന്നതെന്നും അവർ പറഞ്ഞു. ഒന്നരവർഷം മുൻപാണ് വിവാഹത്തിന്റെ ആലോചനകൾ തുടങ്ങിയത്. ഒരു റെസ്റ്ററന്റിൽവെച്ചാണ് ആദ്യം കാണുന്നത്. തനിക്കൊപ്പം കുടുംബമുണ്ടായിരുന്നതിനാൽ ആന്റണിയോട് അങ്ങോട്ടുപോയി സംസാരിക്കാൻ പറ്റിയില്ല. അതുകൊണ്ട് ഒന്ന് കണ്ണടച്ച് കാണിച്ച് പോവുകയാണ് ചെയ്തതെന്നും കീർത്തി പറഞ്ഞു.
“പിന്നീടൊരിക്കൽ ധൈര്യമുണ്ടെങ്കിൽ എന്നോട് പ്രണയാഭ്യർത്ഥന നടത്താൻ ഞാൻ ആവശ്യപ്പെട്ടു. 2010-ലാണ് ആന്റണി ആദ്യമായി എന്നോട് പ്രണയം തുറന്നുപറഞ്ഞത്. 2016-ലാണ് കാര്യങ്ങൾ സീരിയസാവുന്നത്. അദ്ദേഹം എനിക്കൊരു മോതിരം തന്നു. വിവാഹം കഴിയുന്നതുവരെ ഞാനാ മോതിരം ഊരിയിട്ടില്ല. ഞാനഭിനയിച്ച സിനിമകൾ ശ്രദ്ധിച്ചാൽ ആ മോതിരം കാണാം. വിവാഹമെന്നത് സ്വപ്നംപോലെയായിരുന്നു. ഹൃദയം നിറഞ്ഞിരുന്നു. ഞങ്ങൾക്ക് വളരെ വൈകാരിക നിമിഷമായിരുന്നു അത്.ഞാൻ 12-ാംതരത്തിൽ പഠിക്കുമ്പോഴാണ് ഞങ്ങൾ ഡേറ്റിങ് ആരംഭിച്ചത്. ആന്റണിക്ക് എന്നേക്കാൾ ഏഴുവയസ് കൂടുതലുണ്ട്. ഖത്തറിൽ ജോലി ചെയ്യുകയായിരുന്നു. കോവിഡ് സമയത്താണ് ലിവിങ് ടുഗെതർ തുടങ്ങിയത്. എന്റെ കരിയറിനെ വളരെയധികം പിന്തുണച്ചിട്ടുണ്ട് ആന്റണി. ഈ മനുഷ്യൻ എന്നെ ലഭിച്ചതിൽ ഭാഗ്യവാനാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ, എന്നെ വിശ്വസിക്കൂ, അവനെ ലഭിച്ചതിൽ ഞാൻ ഭാഗ്യവാനാണ്.” കീർത്തി സുരേഷ് പറഞ്ഞു.
എഞ്ചിനീയറായ ആന്റണി ഇപ്പോൾ മുഴുവൻ സമയ ബിസിനസ്സുകാരനാണ്. ഗോവയിൽ വെച്ച് നടന്ന സ്വകാര്യ വിവാഹ ചടങ്ങിൽ തെന്നിന്ത്യൻ സൂപ്പർതാരങ്ങളും എത്തിയിരുന്നു. വിജയ്, നാനി, തൃഷ തുടങ്ങി നിരവധി പേർ ചടങ്ങിലെത്തി.’റിവോൾവർ റിത’യടക്കം തമിഴിൽ രണ്ട് സിനിമകളാണ് കീർത്തി ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. തമിഴ് ചിത്രം തെരിയുടെ ബോളിവുഡ് റീമേക്കായ ബേബി ജോണാണ് കീർത്തിയുടേതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രം