Spread the love
എഎപിയെ തെരഞ്ഞെടുക്കൂ, രാമക്ഷേത്രത്തിലേക്ക് കൊണ്ടുപോകാം’; ഗുജറാത്തില്‍ വാഗ്ദാനവുമായി കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെ വാഗ്ദാനങ്ങളുമായി ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍.

ഞാന്‍ നിങ്ങളുടെ സഹോദരനാണ്, നിങ്ങളുടെ കുടുംബത്തിലെ അംഗമാണ്. എനിക്ക് ഒരു അവസരം തരൂ, ഞാന്‍ നിങ്ങള്‍ക്ക് സൗജന്യ വൈദ്യുതി തരാം, സ്‌കൂളുകളും ആശുപത്രികളും നിര്‍മ്മിക്കാം, നിങ്ങളെ അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് കൊണ്ടുപോകാം’, ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു.

130 പേരുടെ മരണത്തിനിടയാക്കിയ മോര്‍ബി തൂക്കുപാല ദുരന്തത്തില്‍ ബിജെപിക്കെതിരെ അഴിമതി ആരോപണവും എഎപി ഉന്നയിച്ചു. പഞ്ചാബിന് ശേഷം ഗുജറാത്തും പിടിച്ചടക്കാമെന്ന ആത്മവിശ്വാസത്തിലാണ് പാര്‍ട്ടി. 182 ല്‍ 90 മുതല്‍ 95 സീറ്റില്‍ വരെ തങ്ങള്‍ ജയിക്കുമെന്ന് എഎപി നേതാവ് സൗരഭ് ഭരദ്വാജ് എന്‍ഡിടിവിയോട് പറഞ്ഞു. എന്നാല്‍ കാര്യങ്ങളുടെ സ്ഥിതി ഈ നിലയിലാണ് തുടരുന്നതെങ്കില്‍ 150 സീറ്റ് വരെ ജയിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പില്‍ കാര്യമായ ചലനം സൃഷ്ടിക്കാനാവില്ലെന്നാണ് എഎപി അവകാശപ്പെടുന്നത്. ബിജെപിയുമായി സൗഹൃദമത്സരമാണ് അവര്‍ നടത്തുന്നതെന്നും എഎപി ആരോപിച്ചു. ഇത്തവണ 182 മണ്ഡലങ്ങളിലും എഎപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. 2017 ല്‍ 30 സീറ്റില്‍ മത്സരിച്ചെങ്കിലും കാര്യമായ ചലനം സൃഷ്ടിക്കാന്‍ എഎപിക്കായിരുന്നില്ല.

ഗുജറാത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മന്നിനൊപ്പമാണ് തെരഞ്ഞെടുപ്പ് പരിപാടികളില്‍ കെജ്‌രിവാള്‍ പങ്കെടുത്തിരുന്നത്. ഡല്‍ഹി മോഡല്‍ വികസനം എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു പല പരിപാടികളും എഎപി സംസ്ഥാനത്ത് സംഘടിപ്പിച്ചത്. കറന്‍സി നേട്ടുകളില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രം വേണമെന്ന ആവശ്യങ്ങള്‍ ഉള്‍പ്പെടെ കെജ്‌രിവാള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ 2017 ലെ വോട്ടുനില അനുസരിച്ച്‌ സംസ്ഥാനത്ത് ത്രികോണ മത്സരമില്ലെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

Leave a Reply