Spread the love
പൊതുഗതാഗത സൗകര്യ വികസനത്തിന് കേരളവും തമിഴ്‌നാടും കൈകോർക്കും

കേരളത്തിലെ പൊതു ഗതാഗത സൗകര്യ വികസനത്തിനായി തമിഴ്‌നാടുമായി കൈകോർക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. കേരളത്തിലേയും, തമിഴ്‌നാട്ടിലേയും പൊതു ഗതാഗത രംഗത്ത് കൂടുതൽ സഹരണമാവശ്യപ്പെട്ടു തമിഴ്‌നാട് ഗതാഗത വകുപ്പ് മന്ത്രി ആർ.എസ്. രാജാ കണ്ണപ്പയുമായും, ധനകാര്യ മന്ത്രി പളനി വേൽ ത്യാഗരാജനുമായി ചെന്നൈയിൽ ചർച്ച നടത്തി. 2022 ഏപ്രിലിൽ കേരളത്തിൽ നടക്കുന്ന യോഗത്തിൽ എട്ട് സംസ്ഥാനങ്ങളിലെ ഗതാഗത മന്ത്രിമാർ ഗതാഗത സെക്രട്ടറിമാർ, ട്രാൻസ്‌പോർട്ട് കമ്മീഷണർമാർ, സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കമ്മിറ്റി അംഗങ്ങൾ, കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ പ്രതിനിധികൾ ഉൾപ്പെടെ പങ്കെടുക്കുമെന്നും മന്ത്രി അറിയിച്ചു. ചൊവ്വാഴ്ച ഡൽഹിയിൽ എത്തി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്ഗരിയെ നേരിൽക്കണ്ട് യോഗത്തിലേക്ക് ക്ഷണിക്കും. ഭാരത് സീരീസിൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതോട് കൂടി ഇന്ന് സംസ്ഥാനങ്ങൾക്കുണ്ടാകുന്ന വരുമാനത്തിൽ കുറവുണ്ടാകും. സംസ്ഥാന സർക്കാരുകൾക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്നുള്ളത് കൊണ്ട് അത് നികത്തുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാരുമായി ചർച്ച നടത്തും. തമിഴ്‌നാടുമായുള്ള അന്തർ സംസ്ഥാന വാഹന പെർമിറ്റിനെ സംബന്ധിച്ച് സെക്രട്ടറി തലത്തിൽ കൂടുതൽ ചർച്ച നടത്തി തീരുമാനമെടുക്കും.

തമിഴ്‌നാട്ടിൽ നിന്നും പമ്പയിലേക്ക് വരുന്ന ബസുകൾ നേരത്തെ നിലയ്ക്കൽ വരെ മാത്രമേ കടത്തി വിട്ടിരുന്നുള്ളൂ. എന്നാൽ തമിഴ്‌നാടിന്റെ ആവശ്യപ്രകാരം പമ്പ വരെ കടത്തി വിടാൻ തീരുമാനിച്ചു. കേരളം ഉന്നയിച്ച ഗതാഗത മേഖലയിലെ വിവിധ ആവശ്യങ്ങൾ തമിഴ്‌നാട് മുഖ്യമന്ത്രിയുമായി ചർച്ച നടത്തി അനുകൂലമായി തീരുമാനം എടുക്കാമെന്ന് തമിഴ്‌നാട് മന്ത്രിമാർ ഉറപ്പ് നൽകി. കേരളത്തിൽ നിന്നും ചെന്നൈയിലേക്ക് സ്വകാര്യ ബസുകളുമായി കരാർ ഉണ്ടാക്കി കെഎസ്ആർടിസി സർവ്വീസ് നടത്തുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply