തിരുവനന്തപുരം : സാമ്പത്തിക അച്ചടക്കം പാലിക്കാതെയും ക്രമക്കേടു കാണിച്ചും പ്രതിസന്ധിയിലാകുന്ന ബാങ്കുകൾക്കു പണം നൽകി സഹായിക്കുകയെന്നത് കേരള ബാങ്കിന്റെ രീതിയല്ലെന്നും ഏതു ബാങ്കിനു പണം കൈമാറണമെങ്കിലും റിസർവ് ബാങ്കിന്റെയും നബാർഡിന്റെയും മാനദണ്ഡങ്ങൾ പാലിച്ചേ മതിയാകൂവെന്നും കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ പറഞ്ഞു. കരുവന്നൂർ ബാങ്കിനെ സഹായിക്കണമെന്ന സർക്കാർ നിർദേശമൊന്നും കേരള ബാങ്കിന് ലഭിച്ചിട്ടില്ല. കേരള ബാങ്കിന് അങ്ങനെ സഹായിക്കാനാകില്ലെന്നതു സഹകരണ വകുപ്പിനുമറിയാം. കരുവന്നൂർ ബാങ്കിന് നേരത്തേ 42 കോടി രൂപ കേരള ബാങ്ക് വായ്പ നൽകിയിട്ടുണ്ട്. അതിപ്പോൾ 46 കോടി ആയിട്ടുണ്ടാകാം – പ്രസിഡന്റ് പറഞ്ഞു
.കേരള ബാങ്ക് 50 കോടി നൽകുമെന്നും അതിനെ നബാർഡ് എതിർത്തുവെന്നുമുള്ള വാർത്തകൾ ശ്രദ്ധയിൽപെട്ടതല്ലാതെ അതെപ്പറ്റി വിവരമില്ല. സഹകരണ മേഖലയെക്കുറിച്ചു വരുന്ന തെറ്റായ പ്രചാരണങ്ങളിൽ ഭയന്നു നിക്ഷേപകർ കേരള ബാങ്കിനെയും സമീപിക്കുന്നുണ്ട്. കേരള ബാങ്കിനെ പോലെ ശക്തമായ സാമ്പത്തിക അടിത്തറയുള്ള ബാങ്കിനെ ഇതു ബാധിക്കില്ല. പക്ഷേ ആയിരക്കണക്കിനു പ്രാഥമിക സഹകരണ സംഘങ്ങളെ ഇതു ബാധിക്കും.
കാർഷിക മേഖലയിൽ വായ്പ നൽകുകയും കർഷകരെ സഹായിക്കുകയും ചെയ്ത 341 ബാങ്കുകൾക്ക് കേരള ബാങ്ക് 1431 കോടി രൂപ നൽകി സഹായിച്ചിട്ടുണ്ട്. അത് കാർഷിക ഉൽപന്നങ്ങൾക്കു പ്രതിസന്ധിയുണ്ടായപ്പോൾ ബുദ്ധിമുട്ടിലായ ബാങ്കുകളാണ്. അവരെ സഹായിക്കുന്നത് ആർബിഐയുടെയും നബാർഡിന്റെയും മാനദണ്ഡങ്ങൾ അനുസരിച്ചാണ്. മനഃപൂർവം തട്ടിപ്പും ക്രമക്കേടും നടത്തുന്ന ബാങ്കുകളെ അങ്ങനെ സഹായിക്കാൻ കഴിയില്ല – ഗോപി കോട്ടമുറിക്കൽ വ്യക്തമാക്കി.