സംസ്ഥാനത്ത് കോടികൾ ചെലവിട്ട് മോട്ടോർ വാഹന വകുപ്പിന്‍റെ നേതൃത്വത്തിൽ ഹൈഡ്രജൻ ബസുകൾ വാങ്ങുന്നു. കൊച്ചി മെട്രോയുടെ അനുബന്ധ സർവീസിന് ഉപയോഗിക്കാനാണ് ബസുകൾ വാങ്ങുന്നത്. പൊതുഗതാഗത മേഖലയിൽ ഒരു സംസ്ഥാനം ഹൈഡ്രജൻ ബസ് വാങ്ങുന്നത് ഇതാദ്യമായാണ്. സംസ്ഥാനം കൂടുതൽ കടക്കെണിയിലേക്ക് പോകുമ്പോൾ 30 കോടിയോളം മുടക്കി ഹൈഡ്രജൻ ബസുകൾ വാങ്ങുന്നത് തെറ്റായ തീരുമാനം ആകുമെന്നാണ് ഈ രംഗത്തെ വിഗ്ദ്ദർ പറയുന്നത്.
ഹൈഡ്രജൻ ഫ്യുവൽ സെലും കപ്പാസിറ്ററും ഉപയോഗിച്ച് ഓടിക്കുന്ന ഇത്തരം ബസുകൾ വെള്ളമാണ് മാലിന്യമായി പുറന്തള്ളുന്നത്. വെള്ളത്തിൽനിന്നോ എൽഎൻജി ഇന്ധനത്തിൽനിന്നോ വ്യാവസായിക അടിസ്ഥാനത്തിൽ ഹൈഡ്രജൻ ഉൽപാദിപ്പിക്കാനായാൽ ചെലവ് കുറയ്ക്കാനാകുമെന്ന് ആണ് അഭിപ്രായയം. രണ്ടു വർഷം മുമ്പ് ഒരു കിലോഗ്രാം ഹൈഡ്രജന് ഏകദേശം 150 രൂപ ചെലവ് കണക്കാക്കിയിരുന്നു. ഒരു ദിവസം അഞ്ഞൂറ് കിലോമീറ്റർ ഓടുന്ന ബസിന് അഞ്ച് കിലോഗ്രാം ഹൈഡ്രജനാണ് ആവശ്യമായി വരുന്നത്. ഫോസിൽ ഇന്ധനങ്ങളെ ആശ്രയിച്ചുള്ള ഗതാഗതം കുറയ്ക്കുന്നതിനും വാഹനങ്ങളിൽനിന്നുള്ള മലിനീകരണം തടയുന്നതിനുള്ള പ്രധാന പരിഹാരമായാണ് ഹൈഡ്രജൻ ഫ്യുവൽ സെല്ലിനെ കണക്കാക്കുന്നത്.