Spread the love

തിരുവനന്തപുരം ∙ കേരളത്തിന് ഇൗ വർഷം എടുക്കാവുന്ന കടത്തിന്റെ കണക്ക് നൽകാമെന്നു കേന്ദ്ര സർക്കാർ സംസ്ഥാനത്തെ അറിയിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ധനസെക്രട്ടറി ബിശ്വനാഥ് സിൻഹ കേന്ദ്ര ധനമന്ത്രാലയത്തെ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണു കണക്കു നൽകാമെന്നറിയിച്ചത്. തുടർന്ന് ഈ ആവശ്യമുന്നയിച്ചു ധനസെക്രട്ടറി കത്തയച്ചു.

ഇൗ സാമ്പത്തിക വർഷം പൊതുവിപണിയിൽ നിന്നു കേരളത്തിനു 32,442 കോടി രൂപ കടമെടുക്കാമെന്നു കേന്ദ്രം സമ്മതിച്ചിരുന്നു. ഇതിൽ നിന്ന് ഒറ്റയടിക്ക് 17,052 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചു. ഇതോടെ ഇൗ വർഷം കടമെടുക്കാവുന്നത് 15,390 കോടി രൂപ മാത്രമായി. 15,390 കോടി പരിധി ഈ സാമ്പത്തികവർഷത്തേക്കാണോ അതല്ല ആദ്യത്തെ 9 മാസത്തേക്കാണോ എന്നതു സംബന്ധിച്ചാണ് ഇപ്പോൾ തർക്കം.

കേന്ദ്രം അയച്ച കത്തിൽ ഇൗ തുക ഒരു വർഷത്തേക്കാണെന്നു വ്യക്തമായി പറയുന്നുണ്ടെന്നു മന്ത്രി കെ.എൻ ബാലഗോപാലും 9 മാസത്തേയ്ക്കു മാത്രമാണെന്നു മന്ത്രി വി.മുരളീധരനും വാദിക്കുന്നു. കേന്ദ്രസർക്കാരിനെതിരായ പച്ചക്കള്ളം താൻ കണക്കുകൾ പറഞ്ഞു പൊളിച്ചപ്പോൾ കൂട്ടത്തോടെ ചീത്ത വിളിക്കുകയാണെന്നാരോപിച്ച് ഇന്നലെ മുരളീധരൻ വീണ്ടും രംഗത്തിറങ്ങി.

2000 കോടി കൂടി കടമെടുത്തു.

പെൻഷൻ ആനുകൂല്യങ്ങൾ നൽകുന്നതിനും ഇൗ മാസം ശമ്പളവും പെൻഷനും വിതരണം ചെയ്യുന്നതിനുമായി 2,000 കോടി രൂപ റിസർവ് ബാങ്കു വഴി സർക്കാർ കടമെടുത്തു. 7.32% പലിശയ്ക്ക് 30 വർഷത്തെ തിരിച്ചടവു കാലാവധിയിലാണിത്. കഴിഞ്ഞ മാസം 2ന് 1,500 കോടിയും 23ന് 500 കോടിയും കടമെടുത്തിരുന്നു. ഇതോടെ ഇൗ സാമ്പത്തിക വർഷത്തെ കടമെടുപ്പ് 4,000 കോടി രൂപയായി.

Leave a Reply