മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്തിനെ മൂന്ന് വർഷത്തേക്ക് വിലക്കി. കേരള ക്രിക്കറ്റ് അസോസിയേഷൻ്റേതാണ് നടപടി. സഞ്ജു സാംസൺ വിവാദത്തിലെ പ്രസ്താവനയുടെ പേരിലാണ് നടപടി. പ്രസ്താവന സത്യവിരുദ്ധവും അപമാനകരവുമെന്ന് കെസിഎ കുറ്റപ്പെടുത്തി. കേരള ക്രിക്കറ്റ് ലീഗിലെ കൊല്ലം ടീം സഹ ഉടമയാണ് ശ്രീശാന്ത്. കൊല്ലം, ആലപ്പി ഫ്രാഞ്ചൈസികൾക്കെതിരെ വിവാദത്തിൽ നടപടിയില്ലെന്ന് കെസിഎ അറിയിച്ചു. ഇരുവരും നൽകിയ മറുപടി തൃപ്തികരമായതിനാലാണ് ഇത്.
ഏപ്രിൽ 30 ന് എറണാകുളത്തു ചേർന്ന കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രത്യേക ജനറൽ ബോഡി യോഗത്തിലാണ് തീരുമാനം. സഞ്ജു സാംസന്റെ പേരിൽ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച പിതാവ് സാംസൺ വിശ്വനാഥ്, റെജി ലൂക്കോസ് , 24x 7 ചാനൽ അവതാരക എന്നിവർക്കെതിരെ നഷ്ടപരിഹാരം തേടി അപകീർത്തി കേസ് നൽകാനും തീരുമാനമായി.
ഐസിസി ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസൺ ഇടംപിടിക്കാതിരിക്കാതിരുന്നതിന് കേരള ക്രിക്കറ്റ് അസോസിയേഷനും പങ്കുണ്ടെന്ന എസ് ശ്രീശാന്തിന്‍റെ വിമർശനത്തിന് പിന്നാലെയാണ് കെസിഎ മുൻതാരത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. പിന്നാലെ ശ്രീശാന്തിനെതിരെ കടുത്ത വിമർശനം കെസിഎ ഉന്നയിച്ചിരുന്നു. വാതുവയ്പ് കേസിൽ ശ്രീശാന്ത് കുറ്റവിമുക്തനായിട്ടില്ല, എന്നിട്ടും രഞ്ജി ട്രോഫിയിൽ അവസരം നൽകി, സഞ്ജുവിന് ശേഷം കേരളത്തിൽ നിന്ന് ആര് ഇന്ത്യൻ ടീമിലെത്തി എന്ന ചോദ്യം അപഹാസ്യമാണ്. കെസിഎയിലെ താരങ്ങളുടെ സംരക്ഷണം ശ്രീശാന്ത് ഏറെടുക്കേണ്ട, കെസിഎക്കെതിരെ ആര് അപകീർത്തികരമായി പറഞ്ഞാലും മുഖം നോക്കാതെ നടപടിയെന്നും കെസിഎ ഭാരവാഹികൾ വ്യക്തമാക്കിയിരുന്നു.