Spread the love
കേരള മികവുത്സവം സാക്ഷരതാ പരീക്ഷ: ഈ മാസം ഏഴ് മുതല്‍ 14 വരെ

എറണാകുളം:സാക്ഷരതാ ശതമാനം ഉയര്‍ത്തുന്നതിനു വേണ്ടിയുള്ള കേരള മികവുത്സവം സാക്ഷരതാ പരീക്ഷ ജില്ലയില്‍ ഈ മാസം ഏഴ് മുതല്‍ 14 വരെ നടക്കും. ജില്ലയില്‍ നിന്നും 2098 മുതിര്‍ന്ന പൗരന്മാർ ആണ് പങ്കെടുക്കുന്നത്. 1634 സ്ത്രീകളും 464 പുരുഷന്മാരുമാണുള്ളത്. പട്ടികജാതി വിഭാഗത്തിൽ നിന്നും 209 പേരും പട്ടികവര്‍ഗ്ഗ വിഭാഗത്തിൽ നിന്നും 11 പേരും ഭിന്നശേഷിക്കാരായ ഒൻപത് പേരും ഇവരിൽ ഉൾപ്പെടുന്നു. ജില്ലയില്‍141 പരീക്ഷാകേന്ദ്രങ്ങളാണുള്ളത്.

ഏലൂര്‍ നഗരസഭാ പരിധിയിലുള്ള 75 വയസ്സുള്ള ജാനകി തെയ്യത്തുപറമ്പില്‍, കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിൽ നിന്നുള്ള 75 വയസ്സുള്ള അഴകി തുരുത്തില്‍, തങ്കമ്മ അഴകന്‍ എന്നിവരും 70 വയസ്സുള്ള തങ്കമ്മ കാളുകുറുമ്പന്‍, രാധാ കുട്ടന്‍, തുരുത്തില്‍ കാര്‍ത്തു, തേവന്‍ വട്ടംകടവ് എന്നിവരാണ് ജില്ലയിൽ സാക്ഷരതാ പരീക്ഷ എഴുതുന്നവരിൽ പ്രായംകൂടിയ പഠിതാക്കള്‍.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സാക്ഷരതാ ക്ലാസ്സുകളും പരീക്ഷകളും സംഘടിപ്പിക്കുന്നത് . മികവുത്സവത്തിന് നേതൃത്വം നൽകാൻ ജനപ്രതിനിധികൾ, സാക്ഷരതാ പ്രേരക്മാർ, മറ്റ് സാക്ഷരതാ പ്രവര്‍ത്തകർ ഉണ്ടാവും. മൂന്നു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പരീക്ഷയില്‍ പഠിതാക്കള്‍ക്ക് ക്ഷീണമകറ്റുന്നതിനായി ചായയും ലഘുഭക്ഷണവും ഒരുക്കും. ആവേശത്തോടെ പരീക്ഷയ്ക്ക് ഒരുങ്ങുകയാണ് ജില്ലയിലെ മുതിര്‍ന്ന പഠിതാക്കള്‍.

ദേശീയ സാക്ഷരതാമിഷന്‍ കേരളത്തിലേക്ക് തുടര്‍വിദ്യാഭ്യാസപദ്ധതി വിഭാവനം ചെയ്യുമ്പോള്‍ പദ്ധതി പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പിനായി തദ്ദേശസ്വയഭരണ സ്ഥാപനങ്ങളിലും സാക്ഷരത-തുടര്‍വിദ്യാകേന്ദ്രങ്ങള്‍ അനുവദിച്ചിരുന്നു. സാക്ഷരതാപ്രവര്‍ത്തനങ്ങളുടെ പ്രചാരകരായി പ്രേരക്മാര്‍ എന്ന നാമധേയത്തില്‍ സാക്ഷരതാപ്രവര്‍ത്തകരെ തെരഞ്ഞെടുക്കുകയും ചെയ്തു. സംസ്ഥാനത്തൊട്ടാകെ 2095 പ്രേരക്മാരാണ് നിലവില്‍ പ്രവര്‍ത്തിച്ചുവരുന്നത്.

Leave a Reply