Spread the love

ഇന്ത്യയിൽ ഏപ്രിൽ മാസത്തിൽ ഏറ്റവും കൂടുതൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് കേരളത്തിൽ. എല്ലാ ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20% കടന്നു. കേരളത്തിൽ ഏപ്രിൽ 1 നും 22 നും ഇടയിൽ 47,024 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതേ കാലയളവിൽ ഡൽഹിയിൽ 22,528 കേസുകളും മഹാരാഷ്ട്രയിൽ 17,238 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു.

അയൽ സംസ്ഥാനങ്ങളായ കർണാടകയിലും തമിഴ്‌നാട്ടിലുമടക്കം പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. ഇതുവരെ 7,073 പുതിയ കൊവിഡ് കേസുകൾ കർണാടകയിൽ റിപ്പോർട്ട് ചെയ്തപ്പോൾ തമിഴ്‌നാട്ടിൽ 8,594 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ വരും ദിവസങ്ങളിൽ കൊവിഡ് കേസുകളുടെ എണ്ണത്തിൽ ഇനിയും വർധനവ് ഉണ്ടാവും.

കഴിഞ്ഞ ഏതാനും ആഴ്ചകളായി ആഘോഷങ്ങളും മറ്റ് അവധിയും ഉണ്ടായതിനാൽ കൊവിഡ് കേസുകൾ വരും ​ദിവസങ്ങളിലും വർധിക്കാനിടയുണ്ട്. വാരാന്ത്യത്തിൽ മൂന്ന് മാസത്തിനും 12 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളിൽ പോസിറ്റീവ് കേസുകളിൽ വർദ്ധനവുണ്ടായി. മൂക്കൊലിപ്പ്, പനി എന്നിവയായിരുന്നു പ്രധാന ലക്ഷണങ്ങളെന്ന് എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിലെ കൺസൾട്ടന്റ് ക്ലിനിക്കൽ മൈക്രോബയോളജിസ്റ്റും ക്വാളിറ്റി മാനേജരുമായ ഡോ വിനോദ് ഫ്രാങ്ക്ലിൻ പറഞ്ഞു. കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത കുട്ടികളിൽ ഭൂരിഭാഗവും ചടങ്ങുകളിൽ പങ്കെടുക്കുകയോ ഷോപ്പിംഗ് മാളുകൾ സന്ദർശിക്കുകയോ ചെയ്തിരുന്നതായും കുറച്ച് പേർ സമ്മർ ക്യാമ്പുകളിൽ പങ്കെടുത്തിരുന്നതായും ഡോക്ടർമാർ പറഞ്ഞു. എന്നാലും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട ഗുരുതരമായ രോഗലക്ഷണങ്ങൾ അവർക്ക് ഉണ്ടായിരുന്നില്ലെന്നും ഡോ ഫ്രാങ്ക്ലിൻ കൂട്ടിച്ചേർത്തു.

ഏപ്രിലിലെ ആദ്യ രണ്ട് ദിവസങ്ങളിൽ കേരളത്തിൽ റിപ്പോർട്ട് ചെയ്തത് 1000ത്തിൽ താഴെ കേസുകളാണ്. തുടർന്ന് കേസുകളുടെ എണ്ണം വർധിക്കാൻ തുടങ്ങി. ഏപ്രിൽ പകുതിയോടെ സംസ്ഥാനത്ത് 3,000ത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. നിലവിൽ പുതിയ കേസുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്താൻ തുടങ്ങി. പ്രതിദിനം 2,000ത്തോളം പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. അടുത്ത കുറച്ച് ദിവസങ്ങളിൽ കൊവിഡ് കേസിന്റെ എണ്ണത്തിൽ വർധനവുണ്ടായേക്കാം.

Leave a Reply