
പൊതുമരാമത്ത് റോഡിലെ കുഴികൾ അടയ്ക്കാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥരെ കോടതിയിലേക്ക് വിളിച്ചു വരുത്താൻ തുടങ്ങിയാൽ ഹൈക്കോടതിയിൽ പൊതുമരാമത്ത് വകുപ്പ് ഓഫീസ് തുറക്കേണ്ടി വരുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. ആലുവ – പെരുമ്പാവൂര്‍ റോഡിലെ കുഴികൾ സംബന്ധിച്ച ഹര്‍ജി പരിഗണിക്കവെ ആണ് പരാമർശം. റോഡുകളിൽ കുഴികൾ രൂപപ്പെടുമ്പോൾ മുതൽ നടപടികൾ സ്വീകരിക്കണമെന്ന് പറഞ്ഞ കോടതി, മോശം റോഡുകൾ കാരണം ആയിരക്കണക്കിന് ആൾക്കാരാണ് ദുരിതം അനുഭവിക്കുന്നതെന്നും റോഡിൽ ഒരാൾ മരിച്ചാൽ ജനം രോഷം പ്രകടിപ്പിക്കുമെന്നും ജനം പ്രശ്നം ഉണ്ടാക്കിയപ്പോൾ ആണ് ഈ വിഷയം കോടതിയുടെ ശ്രദ്ധയിലേക്ക് വന്നതെന്നും പറഞ്ഞു. കുഴികൾ അടക്കാൻ എന്തിനാണ് ഇത്ര കാലതാമസമെന്ന് ചോദിച്ച ഹൈക്കോടതി മരണം ഉണ്ടായപ്പോൾ എങ്ങനെ ഉടൻ കുഴി അടച്ചു എന്നും ചോദിച്ചു. കുഴികളിൽ വീണ് അപകടം ഉണ്ടായേക്കാം എന്ന് ഉദ്യോഗസ്ഥർ ചീഫ് എഞ്ചിനിയറെ അറിയിച്ചിട്ടും ചീഫ് എഞ്ചിനിയർ നടപടി എടുത്തില്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചു.ഈ ഘട്ടത്തിലാണ് കുഴികളുടെ ചുമതലയുള്ള ഉദ്യോഗസ്ഥരെ വിളിച്ചു വരുത്താൻ തുടങ്ങിയാൽ ഹൈക്കോടതിയിൽ PWD ഓഫിസ് തുറക്കേണ്ടി വരുമെന്ന് ജസ്റ്റിസ് ദേവൻരാമചന്ദ്രൻ പരിഹസിച്ചത്.