തിരുവനന്തപുരം: കേരളത്തിൽ വീണ്ടും ചൂട് കൂടുന്നു. കോട്ടയം ജില്ലയിൽ ഉയർന്ന താപനില 35°C വരെയും കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 36°C വരെയും (സാധാരണയെക്കാൾ 2 °C – 3 °C കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
ഉയർന്ന താപനിലയും ഈർപ്പവുമുള്ള വായുവും കാരണം മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലയോര പ്രദേശങ്ങൾ ഒഴികെ, ഈ ജില്ലകളിൽ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്‌ക്ക് സാധ്യതയുണ്ട്.
കോട്ടയം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്. ഈ ജില്ലകളിൽ സാധാരണയെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം. കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയാകാം. കോട്ടയത്ത് ഉയർന്ന താപനില 35 ഡിഗ്രി സെൽഷ്യസ് വരെയാകാമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.