Spread the love
കെ.എസ്.ആർ.ടി.സി. ബസുകളിൽ പരസ്യം പതിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി

കെ.എസ്.ആർ.ടി.സി. ബസുകളിൽ പരസ്യം പതിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി. കെ.എസ്.ആർ.ടി.സി. ഉൾപ്പെടെ ഏകീകൃത കളർകോട് പാലിക്കാത്ത വാഹനങ്ങൾ പിടിച്ചെടുക്കണമെന്നും കോടതി നിർദേശിച്ചു. ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത നിറം കൊണ്ടുവരാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഉടമകളുടെ ഹർജി ഹൈക്കോടതി തള്ളി. കൂടതൽ സമയം നൽകാനാകില്ല എന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.

ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത കളർകോട് കൊണ്ടുവരുന്ന സാഹചര്യത്തിൽ ഇതിൽ നിന്ന് വിഭിന്നമായി കെ.എസ്.ആർ.ടി.സി. ബസുകളിൽ ഉൾപ്പെടെ പരസ്യം പതിച്ചിരിക്കുന്നത് നിയമവിരുദ്ധമാണെന്നാണ് ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. പൊതുമേഖലയിലായാലും സ്വകാര്യമേഖലയിലായാലും വാഹനങ്ങൾക്ക് നിലവിലുള്ള കളർകോട് മാറ്റാനാകില്ല. ഇത് പരിഗണിക്കിമ്പോൾ കെ.എസ്.ആർ.ടി.സി ബസിൽ ഉൾപ്പെടെ പരസ്യം പതിച്ചിരിക്കുന്നത് നിയമവിരുദ്ധമാണെന്നും കോടതി പറഞ്ഞു.

ഏതെങ്കിലും തരത്തിൽ വാഹനങ്ങൾ നിയമം ലംഘിക്കുന്നുണ്ടെങ്കിൽ അവ നിരത്തിലിറങ്ങാൻ സമ്മതിക്കരുതെന്നാണ് ഹൈക്കോടതിയുടെ നിർദേശം. യാതൊരു കാരണവശാലും രൂപമാറ്റം വരുത്തിയ വാഹനങ്ങൾ നിരത്തിൽ ഇറങ്ങാൻ മോട്ടോർ വാഹനവകുപ്പ് അനുവദിക്കരുതെന്ന് കോടതി നിർദേശിച്ചു.

വാഹന പ്രദർശനങ്ങളിൽ രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. മലപ്പുറത്തെ ഒരു കോളേജിൽ അടുത്ത കാലത്ത് നടന്ന ഓട്ടോ ഷോയുടെ ദൃശ്യങ്ങളും കോടതി പരിശോധിച്ചു. ഈ ഓട്ടോ ഷോയിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ പ്രദർശിപ്പിച്ചിരുന്നു. ഇതിനെതിരായ പരാതി ലഭിച്ച സാഹചര്യത്തിലാണ് കോടതി ഇത് പരിശോധിച്ചത്.

വടക്കഞ്ചേരി ബസ് അപകടത്തിൽ സ്കൂൾ അധികൃതർക്കും വീഴ്ചയുണ്ടായതായാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിലയിരുത്തൽ. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ടൂറിസ്റ്റ് ബസാണ് വിനോദ സഞ്ചാരത്തിന് ഉപയോഗിച്ചത്. ഇതാണ് സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെന്ന് കോടതി ചൂണ്ടിക്കാണിച്ചു.

Leave a Reply