ആരോഗ്യ സംരക്ഷണത്തില്‍ കേരളം മുന്നില്‍: ഗവര്‍ണര്‍
സര്‍വകലാശാലകളില്‍ ഗവേഷണം ശക്തിപ്പെടുത്തണം
14,229 പേര്‍ക്ക് ബിരുദം സമ്മാനിച്ചു
ജനങ്ങള്‍ക്ക് മികച്ചതും ചെലവ് കുറഞ്ഞതുമായ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ കേരളം ഏറെ മുന്നിലാണെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ പതിനാലാമത് ബിരുദദാനച്ചടങ്ങില്‍ ബിരുദദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു സര്‍വകലാശാലാ ചാന്‍സലര്‍ കൂടിയായ അദ്ദേഹം.
ആരോഗ്യ മേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്ന യുഎന്നിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള ശ്രമത്തിലാണ് നമ്മുടെ രാജ്യം. ഇതിന് രാജ്യത്തിന്റെ ആരോഗ്യ രംഗം കൂടുതല്‍ മെച്ചപ്പെടേണ്ടതുണ്ട്. സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന രീതിയിലേക്ക് ചികിത്സാ ചെലവുകള്‍ കുറയണം. അവിചാരിതമായി ഉണ്ടാകുന്ന ചികിത്സാ ചെലവുകള്‍ രാജ്യത്തെ കോടിക്കണക്കിന് ആളുകളെയാണ് ഓരോ വര്‍ഷവും ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്നത്. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ കേരളവും ഹിമാചല്‍ പ്രദേശുമാണ് മുന്‍പന്തിയിലുള്ളതെന്ന കാര്യം നമുക്ക് അഭിമാനിക്കാന്‍ വക നല്‍കുന്നതാണ്. മികച്ച ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുന്നതിലും പട്ടിണി കുറച്ചുകൊണ്ടുവരുന്നതിലും ലിംഗസമത്വം കൈവരിക്കുന്നതിലും ഗുണമേന്‍മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിലും കേരളം മികച്ച നേട്ടമാണ് കൈവരിച്ചത്.
മികച്ച രീതിയിലാണ് കേരളം കോവിഡ് വാക്സിനേഷന്‍ ക്യാംപയിന്‍ നടത്തിവരുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. സംസ്ഥാന ജനസംഖ്യയുടെ 92.66 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും പകുതിയോളം പേര്‍ക്ക് രണ്ടാം ഡോസും നല്‍കാനായത് വലിയ നേട്ടമാണ്. വാക്സിന്‍ വയലുകളുടെ കാര്യക്ഷമമായ ഉപയോഗം ഉള്‍പ്പെടെ മികച്ച രീതിയില്‍ വാക്സിനേഷന്‍ ഡ്രൈവ് നടത്തിയതാണ് കേരളത്തെ ഇന്ത്യാ ടുഡേയുടെ ഹെല്‍ത്ത് ഗിരി അവാര്‍ഡിന് അര്‍ഹമാക്കിയതെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെയും ആരോഗ്യ വകുപ്പിനെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പുതിയ ഗവേഷണ സംസ്‌ക്കാരം വളര്‍ന്നുവരണമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് പോലെയുള്ള പകര്‍ച്ച വ്യാധികളുടെ കാലത്ത് ആരോഗ്യ രംഗത്ത് നാം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടാന്‍ ഗവേഷണ പഠനങ്ങള്‍ അനിവാര്യമാണ്. സാങ്കേതിക വിദ്യയുടെയും ബൗദ്ധികവും വൈകാരികവുമായ കരുത്തിന്റെയും പിന്‍ബലത്തോടെ ഭാവിയെക്കൂടി മുന്നില്‍ക്കണ്ടുള്ള ഗവേഷണങ്ങളാണ് വേണ്ടത്. വസുധൈവ കുടുംബകം എന്ന പോലെ മനുഷ്യരുടെ ആരോഗ്യമെന്നത് മറ്റു ജീവജാലങ്ങളുടെയും പ്രകൃതിയുടെയും ആരോഗ്യവുമായി ബന്ധപ്പെട്ടതാണെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളുന്നതാവണം അത്. സമൂഹത്തെ സേവിക്കുന്നവര്‍, പ്രത്യേകിച്ച് ആരോഗ്യ രംഗത്തെ തൊഴില്‍ മേഖലയായി തെരഞ്ഞെടുത്തവര്‍, ആര്‍ദ്രതയും അനുകമ്പയും അവരുടെ മുഖമുദ്രയാക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
ലിംഗസമത്വത്തിന് തടസ്സമായി നില്‍ക്കുന്ന സ്ത്രീധനം വാങ്ങില്ലെന്ന് പ്രഖ്യാപിച്ച ആരോഗ്യ സര്‍വകലാശാലാ വിദ്യാര്‍ഥികളുടെ നിലപാട് ഏറെ ശ്ലാഘനീയമാണ്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമിടയില്‍ ആരോഗ്യകരമായ ബന്ധം വളര്‍ത്തിയെടുക്കുകയെന്നത് ലിംഗ സമത്വത്തിന്റെ കാര്യത്തില്‍ നിര്‍ണായകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സര്‍കലാശാല നല്‍കുന്ന ഡോക്ടര്‍ ഓഫ് സയന്‍സസ് ഓണററി ബിരുദം വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിലെ സൈക്യാട്രി വിഭാഗം മേധാവി പ്രഫ. ഡോ. പോള്‍ സ്വാമിദാസ് സുധാകര്‍ റസ്സലിന് ഗവര്‍ണര്‍ സമ്മാനിച്ചു. സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ കോളേജുകളില്‍ നിന്ന് മെഡിസിന്‍, ഡെന്റല്‍ സയന്‍സ്, ആയുര്‍വേദ, ഹോമിയോപ്പതി, സിദ്ധ, നഴ്‌സിംഗ്, ഫാര്‍മസി, അലൈഡ് ഹെല്‍ത്ത് സയന്‍സസ് വിഭാഗങ്ങളിലായി 14,229 വിദ്യാര്‍ത്ഥികള്‍ക്കാണ് ഗവര്‍ണര്‍ ബിരുദം സമ്മാനിച്ചത്. വിവിധ വിഭാഗങ്ങളിലെ റാങ്ക് ജേതാക്കള്‍ക്കും ഗവര്‍ണര്‍ ട്രോഫിയും കാഷ് അവാര്‍ഡും സമ്മാനിച്ചു. സര്‍വകലാശാലയ്ക്കു കീഴിലെ വിദ്യാര്‍ഥികള്‍ ഒപ്പുവച്ച സ്ത്രീധന വിരുദ്ധ പ്രഖ്യാപനം രജിസ്ട്രാര്‍ ഗവര്‍ണര്‍ക്ക് കൈമാറി. സര്‍വകലാശാലയ്ക്കു കീഴിലെ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് പ്രസിദ്ധീകരിച്ച ‘മാറുന്ന കുടുംബങ്ങളും അത് കുടുംബാംഗങ്ങളില്‍ ഉണ്ടാക്കുന്ന ശാരീരികവും മാനസികവും സാമൂഹികവുമായ സ്വാധീനവും’ എന്ന പഠന റിപ്പോര്‍ട്ട് ചടങ്ങില്‍ വച്ച് ഗവര്‍ണര്‍ പ്രകാശനം ചെയ്തു.
സര്‍വ്വകലാശാലാ സെനറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ.മോഹനന്‍ കുന്നുമ്മല്‍, പ്രൊ വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. സി.പി.വിജയന്‍, രജിസ്ട്രാര്‍ പ്രൊഫ. ഡോ. എ.കെ. മനോജ് കുമാര്‍, പരീക്ഷാ കണ്‍ട്രോളര്‍ പ്രൊഫ. ഡോ.എസ്.അനില്‍ കുമാര്‍, ഫിനാന്‍സ് ഓഫീസര്‍ കെ.പി. രാജേഷ്, സര്‍വ്വകലാശാലാ ഡീനുമാര്‍, വിവിധ ഫാക്കല്‍റ്റി ഡീനുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കോവിഡ് പെരുമാറ്റച്ചട്ടം പാലിച്ച് നടത്തിയ ചടങ്ങില്‍ ബിരുദധാരികളില്‍ ഏതാനും പേര്‍ മാത്രമാണ് നേരിട്ട് പങ്കെടുത്തത്. ബാക്കിയുള്ളവര്‍ ഓണ്‍ലൈനായി ചടങ്ങില്‍ പങ്കാളികളായി. ഗവര്‍ണറും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെയുള്ളവര്‍ കേരളീയ വേഷത്തിലായിരുന്നു ചടങ്ങിനെത്തിയത്.