Spread the love
തൊഴിലുറപ്പിലും കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പിലും കേരളം മുന്നിൽ

വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പിൽ കേരളം മറ്റ്‌ സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ ഏറെ മുന്നിൽ. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നിർവഹണ പുരോഗതി വിലയിരുത്താൻ ചേർന്ന ദിശ യോഗത്തിലാണ്‌ വിലയിരുത്തൽ. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയിൽ ഉൾപ്പെടെ കേരളം മിന്നുന്ന പ്രകടനം കാഴ്ച വെച്ച് ഒന്നാം സ്ഥാനത്താണെന്നാണ്‌ കണക്കുകൾ വ്യക്തമാക്കുന്നത്‌. യോഗത്തിൽ ദിശ സംസ്ഥാനതല സമിതിയുടെ കോ ചെയർമാനായ തദ്ദേശ സ്വയം ഭരണ എക്സൈസ്‌ വകുപ്പ്‌ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

തൊഴിലുറപ്പ്‌ പദ്ധതിയിലെ സ്ത്രീ പങ്കാളിത്തത്തിൽ കേരളം രാജ്യത്ത്‌ ഒന്നാമതാണെന്നാണ്‌ കണക്കുകൾ. കേരളത്തിലെ സ്ത്രീ പങ്കാളിത്തം 89.42 ശതമാനമായി ഉയർന്ന് നിൽക്കുമ്പോൾ ദേശീയ ശരാശരി 54.7 ശതമാനം മാത്രമാണ്‌. ഈ വർഷം മാത്രം 2474 കോടി രൂപ സ്ത്രീകളുടെ കൈകളിൽ എത്തിക്കാൻ പദ്ധതിയിലൂടെ കഴിഞ്ഞു. പട്ടികവർഗ കുടുംബങ്ങൾക്ക്‌ 100 തൊഴിൽ ദിനം നൽകുന്ന കാര്യത്തിലും കേരളം ഒന്നാമതാണ്‌. ദേശീയ തലത്തിൽ 12ശതമാനമായി നിൽക്കെ കേരളത്തിലിത്‌ 40ശതമാനമാണ്‌.

പട്ടികജാതി കുടുംബങ്ങൾക്ക്‌ 100 തൊഴിൽ ദിനങ്ങൾ നൽകുന്ന കാര്യത്തിൽ കേരളം ദേശീയതലത്തിൽ രണ്ടാമതാണ്‌. ദേശീയതലത്തിലെ നിരക്ക്‌ 48ശതമാനമായിരിക്കെ കേരളത്തിൽ ഇത്‌ 67ശതമാനമാണ്‌. തൊഴിലാളികൾക്ക്‌ വേതനം സമയബന്ധിതമായി വിതരണം ചെയ്യുന്ന ആദ്യ നാല്‌ സംസ്ഥാനങ്ങളിൽ കേരളമുണ്ട്‌. 99.55 ശതമാനം പേർക്കും കേരളം വേതനം കൃത്യസമയത്ത്‌ ലഭ്യമാക്കി. ഈ സാമ്പത്തിക വർഷത്തിലെ ആദ്യ രണ്ട്‌ മാസത്തിൽ തന്നെ 54 ലക്ഷം തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച്‌ കേരളം മികച്ച പ്രകടനവുമായി മുന്നോട്ട്‌ കുതിക്കുകയാണ്‌.

ഈ നേട്ടങ്ങളിലും കേന്ദ്ര സർക്കാരിന്റെ കടുത്ത അവഗണന കേരളം നേരിടുന്നതായും യോഗം വിലയിരുത്തി. ഒരു വർഷത്തിലധികമായി മെറ്റീരിയൽ ഇനത്തിലും ഭരണച്ചെലവ്‌ ഇനത്തിലുമായി 700 കോടി രൂപയാണ്‌ കേന്ദ്രം നൽകാനുള്ളത്‌. ഈ തുക അനുവദിക്കാത്തത്‌ തൊഴിലുറപ്പ്‌ പദ്ധതിയുടെ ആസ്തി നിർമ്മാണ മേഖലയെ പ്രതിസന്ധിയിലാക്കി. എല്ലാ രേഖകളും കൃത്യമായി സമർപ്പിച്ചിട്ടും നേരിടുന്ന ഈ കാലതാമസം വലിയ തിരിച്ചടിയാണ്‌. വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി പരിഹരിക്കാൻ യോഗത്തിൽ പങ്കെടുത്ത എം പിമാരെ ചുമതലപ്പെടുത്തി.

സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ഉന്നതി, സുഭിക്ഷ കേരളം, ശുചിത്വ കേരളം, മികവ്‌, പച്ചത്തുരുത്ത്‌ തുടങ്ങിയ പദ്ധതികളുമായി തൊഴിലുറപ്പ്‌ പദ്ധതിയെ സംയോജിപ്പിക്കുന്നതിലെ പുരോഗതിയും യോഗം വിലയിരുത്തി. കഴിഞ്ഞ വർഷം സംസ്ഥാനത്ത്‌ പദ്ധതി പ്രകാരം 1041 പച്ചത്തുരുത്തുകൾ സൃഷ്ടിച്ചു. ദേശീയ ഗ്രാമീണ ഉപജീവൻ മിഷൻ, നാഷണൽ റൂറൽ റർബൻ മിഷൻ, പ്രധാന്മന്ത്രി ആവാസ്‌ യോജന, കൃഷി സിഞ്ചായി യോജന, രാഷ്ട്രീയ കൃഷി വികാസ്‌ യോജന, പരമ്പരാഗത്‌ കൃഷി വികാസ്‌ യോജന, നാഷണൽ അഗ്രികൾച്ചറൽ മാർക്കറ്റ്‌, പ്രധാനമന്ത്രി ഫസൽ ബിമ യോജന എന്നീ പദ്ധതികളും മികച്ച രീതിയിൽ കേരളത്തിൽപുരോഗമിക്കുന്നുണ്ടെന്നും ദിശ യോഗം വിലയിരുത്തി.

Leave a Reply