നീതി ആയോഗിൻ്റെ മൾട്ടി ഡയമെൻഷണൽ ദാരിദ്ര്യ സൂചിക(എം.പി.ഐ)യിൽ രാജ്യത്ത് ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനമായി കേരളം. വ്യക്തിപരമായ ദാരിദ്ര്യവും സംസ്ഥാനത്തെ പൊതു സ്ഥിതിയുമടക്കം വിലയിരുത്തിക്കൊണ്ട് തയ്യാറാക്കിയ സൂചികയിൽ 0.71% പേർ മാത്രമാണ് കേരളത്തിൽ ദാരിദ്ര്യമനുഭവിക്കുന്നത്.
ആരോഗ്യത്തിനൊപ്പം വിദ്യാഭ്യാസവും ജീവിത നിലവാരവും സൂചിക തയ്യാറാക്കുന്നതിലെ പ്രധാന സൂചകങ്ങളായിരുന്നു. ഇവയ്ക്കൊപ്പം പാർപ്പിടം, പോഷകാഹാര ലഭ്യത ശുചിത്വ സൗകര്യങ്ങൾ, വൈദ്യുതിലഭ്യത എന്നിവയും കണക്കിലെടുത്തിട്ടുണ്ട്. കോവിഡ് കാലത്തും ജനങ്ങൾക്കൊപ്പം നിലകൊള്ളാനും അവരുടെ ക്ഷേമം ഉറപ്പ് വരുത്താനും സംസ്ഥാന സർക്കാരിന് സാധിച്ചു എന്നതിന് തെളിവ് കൂടിയാണ് നീതി ആയോഗ് പുറത്തിറക്കിയ മൾട്ടി ഡയമെൻഷണൽ ദാരിദ്ര്യ സൂചിക.
അതിദാരിദ്ര്യ നിർമ്മാർജ്ജനം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രികയിൽ പ്രഖ്യാപിച്ചിട്ടുള്ള കാര്യമാണ്. ഇത് പ്രാവർത്തികമാക്കുന്നതിനായി സർക്കാർ ആവിഷ്കരിച്ച പദ്ധതികൾ പൂർണമായും നടപ്പിലാകുന്നതോടെ ഇന്ത്യയിൽ അതിദാരിദ്ര്യം തുടച്ചുനീക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും. ഈ ലക്ഷ്യത്തിലേക്ക് നടന്നടുക്കാനുള്ള ആത്‌മവിശ്വാസം നൽകുന്നതാണ് ഇപ്പോൾ നമുക്ക് കിട്ടിയിരിക്കുന്ന ഈ അംഗീകാരം.