Spread the love

83 കമ്പനികൾ, 788 പേർക്ക് തൊഴിലവസരം

അഭ്യസ്ത വിദ്യരായ 788 പേർക്ക് തൊഴിലവസരം നൽകി കേരള നോളേജ് ഇക്കോണമി മിഷന്‍. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ തൃശൂര്‍ ഗവ.എൻജിനീയറിംഗ് കോളേജില്‍ നടന്ന തൊഴിൽ മേളയിലാണ് നിരവധി യുവതീ, യുവാക്കൾക്ക് തൊഴിലവസരം ലഭിച്ചത്. വിവിധ കമ്പനികൾ 192 പേരെ തിരഞ്ഞെടുത്തു. 596 പേരെ ഷോർട്ട് ലിസ്റ്റ്‌ ചെയ്തു. കേരളത്തിന് അകത്തും പുറത്തു നിന്നായി 83 കമ്പനികളാണ് തൊഴിൽ മേളയിൽ പങ്കെടുത്തത്. 70 കമ്പനികൾ നേരിട്ടും 13 കമ്പനികൾ വെർച്വലായും തൊഴിൽ ദാതാക്കളായി. ഓൺലൈനായി രജിസ്റ്റർ ചെയ്ത് ഇന്നലെ (18.01.2022) രാവിലെ 8 മണി മുതൽ 10.30 വരെ ഗവ.എഞ്ചിനീയറിങ് കോളേജിൽ 1436 പേർ ഇന്റർവ്യൂവിന് ഹാജരായി. പ്ലസ് ടു വിദ്യാഭ്യാസം മുതൽ ഉയർന്ന യോഗ്യതയുള്ളവർക്ക് മേളയിൽ അവസരം ലഭിച്ചു.

ഐടി, എൻജിനീയറിംഗ്, ടെക്‌നിക്കല്‍ ജോബ്‌സ്, സിവില്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍, ഓട്ടോമൊബൈല്‍, മെഡിക്കല്‍, ലോജിസ്റ്റിക്‌സ്, മാനേജ്‌മെന്റ്, റീടൈല്‍സ്, ഫിനാന്‍സ്, എഡ്യൂക്കേഷന്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബാങ്കിങ്, മാര്‍ക്കറ്റിംഗ്, സെയില്‍സ്, മീഡിയ, സ്‌കില്‍ എഡ്യൂക്കേഷന്‍, ഹോസ്പിറ്റാലിറ്റി, ഇന്‍ഷുറന്‍സ്, ഷിപ്പിംഗ്, അഡ്മിനിസ്‌ട്രേഷന്‍, ഹോട്ടല്‍ മാനേജ്‌മെന്റ്, ടാക്‌സ് എന്നീ മേഖലകളില്‍ നിന്നുള്ള കമ്പനികളാണ് മേളയില്‍ പങ്കെടുത്തത്. മേള 6 മണിക്ക് സമാപിച്ചു.

ജനുവരി 21, 22, 23 തീയതികളിൽ വെർച്ച്വൽ ജോബ് ഫെയർ

ജോബ് ഫെയറിൽ പങ്കെടുക്കാൻ കഴിയാത്തവർക്കായി വെർച്ച്വൽ ( ഓൺലൈൻ) ജോബ് ഫെയർ സൗകര്യം ഒരുക്കിയിട്ടുണ്ട്. DWMS രജിസ്റ്റർ ചെയ്ത ഐഡി ഉപയോഗിച്ച് തന്നെ ജോബ് ഫെയർ പോർട്ടലിൽ കയറി ഓരോ തൊഴിൽ അന്വേഷകനും വെർച്ച്വൽ ജോബ് ഫെയർ തിരഞ്ഞെടുക്കാനുള്ള അവസരവും സൗകര്യവും ലഭ്യമാണ്. ജനുവരി 21, 22, 23 തീയതികളിലായാണ് വെർച്ച്വൽ ജോബ് ഫെയർ നടക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് അവരുടെ മൊബൈൽ ഫോണോ ലാപ്ടോപ്പോ ഉപയോഗിച്ച് തന്നെ നേരിട്ട് വെർച്ച്വൽ സംവിധാനത്തിൽ പങ്കെടുക്കാം. വിവിധ തൊഴിൽ മേഖലകളിലെ നാനൂറിൽപ്പരം കമ്പനികളും വെർച്ച്വലായി പങ്കെടുക്കുന്നുണ്ട്. DWMS ഐഡി ഉപയോഗിച്ച് തന്നെ വെർച്ച്വൽ ജോബ് ഫെയർ തിരഞ്ഞെടുക്കുന്ന മുറക്ക് ഇൻ്റർവ്യൂ സമയവും സ്ലോട്ടും നൽകിക്കൊണ്ടുള്ള അറിയിപ്പ് ലഭിക്കും.

Leave a Reply