Spread the love

നോർക്കയുടെ പ്രവാസി ഭദ്രത സംരംഭക സഹായ പദ്ധതികൾക്കു തുടക്കം കുറിച്ച് കേരളം.


തിരുവനന്തപുരം : വിദേശ രാജ്യങ്ങളിൽ നിന്നു കോവിഡ് പശ്ചാത്തലത്തിൽ തൊഴിൽരഹിതരായി തിരിച്ചെത്തി മടങ്ങിപ്പോകാൻ കഴിയാത്ത മലയാളികൾക്കായി നോർക്ക ആവിഷ്കരിച്ച 49 കോടി രൂപയുടെ നോർക്ക-പ്രവാസിഭദ്രത സംരംഭകത്വ സഹായ പദ്ധതികൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
നാനോ എന്റർപ്രൈസ് അസിസ്റ്റൻസ് സ്കീം (പ്രവാസിഭദ്രത-നാനോ), മൈക്രോ എന്റർപ്രൈസ് അസിസ്റ്റൻസ് സ്കീം (പ്രവാസി ഭദ്രത- മൈക്രോ), കെഎസ്ഐഡിസി മുഖേന നടപ്പാക്കുന്ന സ്പെഷൽ അസിസ്റ്റൻസ് സ്കീം (പ്രവാസിഭദ്രത- മെഗാ) എന്നിവയ്ക്കാണു തുടക്കമായത്.‌ മന്ത്രി പി.രാജീവ് അധ്യക്ഷത വഹിച്ചു. മന്ത്രി എം.വി.ഗോവിന്ദൻ, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി കെ.ഇളങ്കോവൻ, നോർക്ക റസിഡന്റ് വൈസ് ചെയർമാൻ കെ.വരദരാജൻ, കെഎസ്ഐഡിസി എംഡി എം.ജി.രാജമാണിക്യം, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ പി.ഐ.ശ്രീവിദ്യ, നോർക്ക ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ കെ.ഹരികൃഷ്ണൻ നമ്പൂതിരി എന്നിവർ പ്രസംഗിച്ചു.

പുതിയ പദ്ധതികൾ ഇങ്ങനെ

• നാനോ: അവിദഗ്ധ തൊഴിൽ മേഖലകളിൽ നിന്നുള്ള, കുറഞ്ഞ വരുമാന പരിധിയിലുള്ള പ്രവാസി മലയാളികൾ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്കായി കുടുംബശ്രീ മുഖേന പലിശരഹിത സംരംഭകത്വ വായ്പ. സൂക്ഷ്മ സംരംഭങ്ങൾ ആരംഭിക്കുന്നതിന് 2 ലക്ഷം രൂപ വരെ പലിശരഹിത വായ്പ. ആകെ 30 കോടി രൂപ.
• മൈക്രോ: കേരള ബാങ്ക് ഉൾപ്പെടെ സഹകരണ സ്ഥാപനങ്ങൾ, പ്രവാസി സഹകരണ സംഘങ്ങൾ, ദേശസാൽകൃത ബാങ്കുകൾ തുടങ്ങിയവ വഴി സ്വയം തൊഴിൽ വായ്പ ലഭ്യമാക്കുന്ന പദ്ധതി. 5 ലക്ഷം രൂപ വരെ വായ്പ. ഒരു ലക്ഷം രൂപ വരെ മൂലധന സബ്സിഡി. ആകെ 10 കോടി രൂപ.
• മെഗാ: 25 ലക്ഷം മുതൽ 2 കോടി രൂപ വരെയുള്ള വായ്പകൾ പലിശ സബ്സിഡിയോടെ ലഭിക്കും. 8.25%–8.75% വരെ പലിശ ഈടാക്കുന്ന വായ്പകളിൽ ഗുണഭോക്താക്കൾ 5% മാത്രം നൽകിയാൽ മതി.ആകെ 9 കോടി. ഗുണഭോക്താക്കൾക്കുളള പലിശ സബ്സിഡി നോർക്ക റൂട്സ് വഴി വിതരണം ചെയ്യും.

Leave a Reply