എലിഫന്റ് ഫർണിച്ചർ തട്ടിപ്പ് കേസിൽ മുന്നറിയിപ്പുമായി കേരള പൊലീസ്. നടക്കുന്നത് മണി ചെയിൻ മാതൃകയിലുള്ള തട്ടിപ്പാണ്. ഫർണിച്ചർ ബുക്ക് ചെയ്താൽ ലാഭ വിഹിതം കിട്ടുമെന്ന് വിശ്വസിപ്പിക്കും, വ്യാജ വെബ്‌സൈറ്റ് മുഖാന്തിരം അക്കൗണ്ട് തുടങ്ങിച്ച് പണം തട്ടും. ഇത്തരം വെബ് സൈറ്റുകളുടെ ലിങ്കിൽ ക്ലിക്ക് ചെയ്യരുതെന്നാണ് പൊലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
പ്രാഥമിക വിവരപ്രകാരം 4500 ലധികം പേരില്‍ നിന്നായി 80 കോടിയിലധികം തുക തട്ടിപ്പുകാര്‍ കൊണ്ടുപോയി. കണക്ക് ഇനിയും ഉയരാമെന്നാണ് സൂചന. വീട്ടിലിരുന്ന് ലക്ഷങ്ങള്‍ സമ്പാദിക്കാം എന്ന മുഖവുരയോടെ ലഭിക്കുന്ന സന്ദേശത്തില്‍ നിന്നാണ് തട്ടിപ്പുകള്‍ തുടങ്ങുന്നത്.
തട്ടിപ്പിന്റെ രീതികൾ വിചിത്രമാണ്. എലിഫന്റ് ഫര്‍ണിച്ചര്‍ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് ഫര്‍ണിച്ചര്‍ വാങ്ങണം. 680 രൂപ മുതല്‍ ലക്ഷങ്ങള്‍ വരെ വിലയുള്ള ഫര്‍ണിച്ചര്‍ വെബ്‌സൈറ്റില്‍ ഉണ്ട്. ഫര്‍ണിച്ചര്‍ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ നല്‍കാനെ കഴിയു, പക്ഷേ ലഭിക്കില്ല. അതിന് പകരം ലാഭവിഹിതം എന്ന നിലയില്‍ നിശ്ചിത തുക ഓണ്‍ലൈനില്‍ തന്നെ ലഭിക്കും. ഒരുമാസം പൂര്‍ത്തിയാകുമ്പോള്‍ 680 രൂപയ്ക്ക് വാങ്ങിയ ഫര്‍ണിച്ചറില്‍ നിന്ന് 1224 രൂപ തിരികെ ലഭിക്കും എന്നതാണ് വാഗ്ദാനം. ഇരകളാക്കപ്പെട്ടവര്‍ കൂടുതലും വീട്ടമ്മമാരാണ്.
എറ്റവും കുറഞ്ഞ തുകയായ 680 രൂപമുടക്കി ഫര്‍ണിച്ചര്‍ വാങ്ങിയാല്‍ അപ്പോള്‍ തന്നെ 115 രൂപ വെല്‍ക്കം ബോണസ് ലഭിക്കും. പിന്നാലെ ഓരോ ദിവസവും 680 ന് പരമാവധി 30 രൂപ എന്ന നിരക്കില്‍ വെബ്സൈറ്റ് അകൗണ്ടില്‍ ബാലന്‍സ് കാണിക്കും. 120 രൂപയാകുമ്പോള്‍ ആ ബാലന്‍സ് അക്കൌണ്ടിലേയ്ക്ക് മാറ്റാം. ഒരുമാസമാകുമ്പോള്‍ നികുതി എല്ലാം പിടിച്ച ശേഷം 680 ന്റെ മൂല്യം 1224 രൂപയായി മാറും.. തുടക്കത്തില്‍ ചെറിയ തുക നിക്ഷേപിച്ചവര്‍ വിശ്വാസം വന്നതോടെ കൂടുതല്‍ തുക നിക്ഷേപിച്ചു തുടങ്ങി.
കഴിഞ്ഞ മാസം അവസാനം 10 ദിവസത്തേയ്ക്ക് ഒരു ഓഫര്‍ വന്നു. 10,000 രൂപയുടെ ഫര്‍ണിച്ചര്‍ വാങ്ങിയാല്‍ ചുരുങ്ങിയ ദിവസം കൊണ്ട് 10 ഇരട്ടിയാകുമെന്നായിരുന്നു ഓഫര്‍. ഇതുവരെയുള്ള ഇടപാടുകളില്‍ വിശ്വസിച്ചവര്‍ 50,000 രൂപ മുതല്‍ 3 ലക്ഷം വരെ നിക്ഷേപിച്ചു. ഒന്നിച്ച് വന്‍ തുക നിക്ഷേപം സ്വീകരിച്ച ശേഷം വെബ്സൈറ്റ് പണിമുടക്കി. കഴിഞ്ഞ അഞ്ചാം തീയതി മുതല്‍ വെബ്സൈറ്റ് ലഭിക്കുന്നില്ല. കബളിപ്പിക്കപ്പെട്ടെന്ന് തിരിച്ചറിഞ്ഞതോടെ പരാതികളുമായി നെട്ടോട്ടമോടുകയാണ് നിക്ഷേപിച്ചവര്‍