തിരുവനന്തപുരം: പാറശ്ശാല ഷാരോൺ കൊലക്കേസ് കേരള പൊലീസ് തന്നെ തുടർന്നും അന്വേഷിക്കും. കേസ് അന്വേഷണം തമിഴ്നാടിന് കൈമാറില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഷാരോണിന്റെ കുടുംബത്തെ അറിയിച്ചു. കേസിന്റെ അധികാരപരിധി സംബന്ധിച്ച് ചില സംശയങ്ങൾ കേരള പൊലീസിന് ഉണ്ടായിരുന്നു. കൃത്യം നടന്ന സ്ഥലം, തൊണ്ടിമുതൽ കണ്ടെടുത്ത സ്ഥലം ഇവയെല്ലാം തമിഴ്നാടിന്റെ പരിധിയിലായതിനാൽ തുടരന്വേഷണം തമിഴ്നാട് പൊലീസിനെ ഏൽപ്പിച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. റൂറൽ എസ്പി ഇക്കാര്യത്തിൽ നിയമോപദേശം തേടിയിരുന്നു. ഈ നിയമോപദേശത്തിൻമേൽ ആഭ്യന്തര സെക്രട്ടറി തീരുമാനമെടുക്കാനിരിക്കെയാണ് കൊല്ലപ്പെട്ട ഷാരോണിന്റെ കുടുംബം മുഖ്യമന്ത്രിക്ക് നിവേദനം നൽകാനെത്തിയത്. കേരളാ പൊലീസ് തന്നെ കേസ് തുടർന്നും അന്വേഷിക്കണം എന്നതായിരുന്നു ആവശ്യം. മുഖ്യമന്ത്രി ഓഫീസിൽ ഉണ്ടായിരുന്നില്ലെങ്കിലും കേരള പൊലീസ് തന്നെ തുടർന്നും അന്വേഷിക്കും എന്ന ഉറപ്പ് അദ്ദേഹത്തിന്റെ ഓഫീസ് നൽകിയതായി ഷാരോണിന്റെ അച്ഛൻ ജയരാജ് പറഞ്ഞു.