തിരുവനന്തപുരം: പൊലീസിന്റെ ഇ-പട്രോളിംഗ് ഇനിമുതല്‍ തിരുവനന്തപുരം മ്യൂസിയത്തില്‍. സ്ഥലത്ത് സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. നിന്ന് സഞ്ചരിക്കാന്‍ കഴിയുന്ന ഇ-സ്‌കൂട്ടറാണ് പട്രോളിംഗിന് വേണ്ടി പരീക്ഷണാടിസ്ഥാനത്തില്‍ ഇറക്കുന്നത്. ഇനി ആൾക്കൂട്ടത്തിനൊപ്പം സ്‌കൂട്ടറിലാണ് പൊലീസ് പട്രോളിംഗ്. പട്രോളിംഗ് കഴിഞ്ഞാല്‍ സ്‌കൂട്ടര്‍ മടക്കി കൈയിലെടുത്ത് കൊണ്ടുപോവുകയും ചെയ്യാം. നിലവില്‍ പത്ത് കിലോമീറ്റര്‍ വേഗതയാണ് നിശ്ചയിച്ചിരിക്കുന്നത്. പെട്ടെന്ന് ഓടിയെത്തേണ്ടി വരുന്ന അടിയന്തര ഘട്ടങ്ങളില്‍ വേഗത കൂട്ടുകയും ചെയ്യാം.
വിദേശ രാജ്യങ്ങളില്‍ ഏറെ പ്രചാരം നേടിയതാണ് ഹോവര്‍ബോര്‍ഡ് എന്നറിയപ്പെടുന്ന ഇ-സ്‌കൂട്ടറുകള്‍. മാര്‍ക്കറ്റുകള്‍ പോലെയുള്ള നിരവധിയാളുകള്‍ എത്താറുള്ളതും എന്നാല്‍ വാഹനങ്ങള്‍ കടക്കാത്തതുമായ സ്ഥലങ്ങളില്‍ സുരക്ഷ ശക്തമാക്കാന്‍ ഇ-സ്‌കൂട്ടറുകള്‍ സഹായകരമാകുമെന്നാണ് വിലയിരുത്തല്‍. മ്യൂസിയത്തിലെ ഇ-സ്‌കൂട്ടര്‍ സംവിധാനം വിജയകരമായാല്‍ സംസ്ഥാനത്തെ മറ്റ് സ്ഥലങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും.