Spread the love
928 പോയിന്റുമായി രാജ്യത്തെ സ്കൂൾ വിദ്യാഭ്യാസ നിലവാരത്തിൽ കേരളം ഒന്നാമത്

സ്‌കൂൾ വിദ്യാഭ്യാസ രംഗത്തെ വിലയിരുത്തുന്ന 2020-21 പെർഫോമിംഗ് ഗ്രേഡ് ഇൻഡക്‌സിൽ (പിജിഐ) കേരളം, മഹാരാഷ്ട്ര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾ ഒന്നാമതെത്തി. 1000-ൽ 928 എന്ന സ്‌കോർ നേടിയാണ് മൂന്ന് സംസ്ഥാനങ്ങളും ഒന്നാമതെത്തിയത്. ഗുജറാത്ത്, രാജസ്ഥാൻ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കൊപ്പം ചണ്ഡിഗഡ് L-II തലത്തിലെത്തി.. ഒരു സംസ്ഥാനത്തിനും ഇതുവരെ L-I ന്റെ ഏറ്റവും ഉയർന്ന നിലവാരം കൈവരിക്കാൻ കഴിഞ്ഞിട്ടില്ല.

വിദ്യാഭ്യാസ മന്ത്രാലയം വ്യാഴാഴ്ചയാണ് പിജിഐ 2020-21 പുറത്തിറക്കിയത്. ഇന്ത്യയിലെ സ്കൂൾ വിദ്യാഭ്യാസ സമ്പ്രദായത്തെ സമഗ്രമായ വിശകലനം ചെയ്താണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. 2019-20ൽ പഞ്ചാബ്, ചണ്ഡീഗഡ്, തമിഴ്നാട്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, കേരളം എന്നിവയാണ് സൂചികയിൽ ഒന്നാമതുണ്ടായിരുന്നത്.

ചണ്ഡീഗഢ് 927, ഗുജറാത്ത്, രാജസ്ഥാൻ (രണ്ടും 903), ആന്ധ്രാപ്രദേശ് (902) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങൾ നേടിയ പോയിന്റ്. 2019 – 20 ൽ L-VIII ൽ ഉണ്ടായിരുന്ന ലഡാക്ക് 2020-21-ൽ L-IV-ലേക്ക് മാറി. 2019-20-നെ അപേക്ഷിച്ച് 2020-21-ൽ ലഡാക്കിന്റെ സ്കോർ 299 പോയിന്റായി മെച്ചപ്പെട്ടു. ഇത് ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പുരോഗതിയാണ്.

14.9 ലക്ഷം സ്‌കൂളുകളും 95 ലക്ഷം അധ്യാപകരും വിവിധ സാമൂഹിക-സാമ്പത്തിക പശ്ചാത്തലങ്ങളിൽ നിന്നുള്ള ഏകദേശം 26.5 കോടി വിദ്യാർത്ഥികളുമുള്ള ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായത്തെ ലോകത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സമ്പ്രദായമായാണ് പിജിഐ നിരീക്ഷിക്കുന്നത്. സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് വികസിപ്പിച്ചെടുത്ത ഈ സൂചിക, സ്കൂൾ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ സംസ്ഥാനം തിരിച്ചുള്ള പ്രകടനം കണക്കുകളുടെ അടിസ്ഥാനത്തിൽ വ്യക്തമാക്കുന്നു

Leave a Reply