ആക്രമണകാരികളും പേപിടിച്ചതുമായ തെരുവുനായ്ക്കളെ കൊന്നൊടുക്കും. ഇതിനുള്ള അനുമതി തേടി സുപ്രീം കോടതിയെ സമീപിക്കാൻ മന്ത്രി എം.ബി.രാജേഷ് വിളിച്ച വിവിധ വകുപ്പുകളുടെ യോഗത്തിൽ ധാരണയായി. തെരുവു നായ ശല്യം നിയന്ത്രിക്കാൻ ഊർജിത വാക്സിനേഷൻ ഡ്രൈവ് നടത്താനും തീരുമാനമായി. ഈ മാസം 20 മുതൽ ഒക്ടോബർ 20 വരെയാകും വാക്സിനേഷൻ ഡ്രൈവ് നടത്തുക. ഉടമസ്ഥരില്ലാത്ത നായ്ക്കളെ വാക്സിനേഷന് കൊണ്ടുവന്നാൽ 500 രൂപ പാരിതോഷികം നൽകും. തെരുവുനായ്ക്കൾക്ക് ഓറൽ വാക്സിനേഷൻ നൽകാനുള്ള സാധ്യതയും പരിശോധിക്കും. ദിവസം പതിനായിരം തെരുവുനായ്ക്കളെ വാക്സിനേഷൻ നടത്താനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡിനെ നേരിട്ട പോലെ തന്നെ, ജനകീയ പങ്കാളിത്തത്തോടെ തെരുവുനായ ശല്യവും നേരിടണമെന്നും മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.