കേരളത്തിന്റെ സ്വപ്നപദ്ധതിയായ ‘ഗ്രാമവണ്ടി’ പദ്ധതി സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് കെ.എസ്.ആര്‍.ടി.സി ചാത്തമംഗലം പഞ്ചായത്തില്‍ ആരംഭിച്ച ‘ഗ്രാമവണ്ടി’യുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ ഗ്രാമവണ്ടികള്‍ വരും നാളുകളില്‍ കേരളത്തിന്റെ ഗ്രാമങ്ങളിലൂടെ ഓടുമെന്നും മന്ത്രി പറഞ്ഞു.
ഗ്രാമവണ്ടി പദ്ധതി നടപ്പിലാക്കാന്‍ പഞ്ചായത്തുകള്‍ തയ്യാറാണെങ്കില്‍ ബസ്സ്, ഡ്രൈവര്‍, കണ്ടക്ടര്‍ തുടങ്ങിയ സൗകര്യങ്ങള്‍ കെ.എസ്. ആര്‍. ടി. സി നല്‍കും. രണ്ടാംഘട്ടത്തില്‍ ചെറിയ ബസ്സുകളാണ് നിരത്തിലിറക്കുക. നഷ്ടത്തിലായ വാഹന ഉടമകളുമായി സഹകരിച്ച് ചെറിയ സ്വകാര്യബസ്സുകള്‍ ഒരുവര്‍ഷത്തേക്ക് ഗ്രാമവണ്ടികളായി ഉപയോഗിക്കുന്ന കാര്യം പരിഗണിക്കും. സമൂഹത്തിനാകെ ഉപകാരപ്പെടുന്ന രീതിയിലാണ് ഗ്രാമവണ്ടി പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പി.ടി.എ റഹീം എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
ജില്ലയില്‍ ആദ്യമായാണ് ഗ്രാമവണ്ടി പദ്ധതി ആരംഭിക്കുന്നത്. ബസ്സിന്റെ യാത്രാക്രമം നിര്‍ണ്ണയിക്കുന്നതിനുള്ള ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്. കോഴിക്കോട് ഡിപ്പോയില്‍ നിന്ന് രാവിലെ 7.10 ന് പുറപ്പെടുന്ന വണ്ടി വൈകിട്ട് 6.35 ന് തിരികെയെത്തും. ബസ്സിന്റെ ഡീസല്‍ ചെലവ് മാത്രം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഹിച്ച് അവര്‍ നിശ്ചയിക്കുന്ന റൂട്ടുകളിലൂടെയും സമയക്രമം അനുസരിച്ചും സര്‍വീസ് നടത്തുന്നതാണ് ഗ്രാമവണ്ടി. ഗ്രാമപ്രദേശങ്ങളിലെ യാത്രാക്ലേശം പരിഹരിക്കുന്നതിന് പദ്ധതി സഹായകരമാവും.
ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി, വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.വി സക്കറിയ, ജില്ലാപഞ്ചായത്ത് അംഗങ്ങളായ നാസര്‍ എസ്റ്റേറ്റ്മുക്ക്, സുധ കമ്പളത്ത്, ബ്ലോക്ക് വൈസ് പ്രസിഡന്റ് മുംതസ് ഹമീദ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഷമ എം.കെ, ജില്ലാ ട്രാന്‍സ്പോര്‍ട് ഓഫീസര്‍ കെ. യൂസഫ്, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കല്‍ ഗഫൂര്‍ സ്വാഗതവും സ്‌പെഷ്യല്‍ പ്രോജക്ട്‌സ് ഡി.ടി.ഒ താജുദ്ദീന്‍ നന്ദിയും പറഞ്ഞു.