ന്യൂഡൽഹി∙ കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം കേരളത്തിന്റെ വീഴ്ചയെന്ന് കേന്ദ്ര സർക്കാർ. സുപ്രീം കോടതിയിൽ സമർപ്പിച്ച കുറിപ്പിലാണ് കേരളത്തിനെതിരേ കേന്ദ്രസർക്കാർ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര നിലപാടിനെതിരേ കേരളം സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. ഹർജി സംസ്ഥാന ബജറ്റിനു മുൻപായി പരിഗണിക്കണമെന്നും കേരളം പറഞ്ഞിരുന്നു.
ധനകാര്യ കമ്മിഷൻ കൊടുത്ത തുകയേക്കാൾ കൂടുതൽ കേരളത്തിനു നൽകിയെന്നും സംസ്ഥാനത്തിന് അർഹതപ്പെട്ട എല്ലാ തുകയും കൈമാറിയെന്നും കുറിപ്പിൽ കേന്ദ്രം അറിയിച്ചു.
ബജറ്റ് അവതരണത്തിനു തൊട്ടുമുൻപായാണ് കേരളത്തിന്റെ പിടിപ്പുകേട് ചൂണ്ടിക്കാട്ടി കേന്ദ്രം പരമോന്നത കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. നിലവിൽ ഉയർന്ന കടബാധ്യതയുള്ള സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം.