കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉദ്ഘാടനം ചെയ്യും. ഈ മാസം 29നാണ് ഉദ്ഘാടനം. കേന്ദ്ര സഹമന്ത്രിമാരായ വി.കെ.സിംഗ്, വി.മുരളീധരൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. 2018 ഡിസംബറിലാണ് പാത നിർമ്മാണം ആരംഭിച്ചത്. സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ എലിവേറ്റഡ് ഹൈവേ എന്ന പ്രത്യേകതയും ഇതിനുണ്ട്.
2.8 കിലോമീറ്ററാണ് എലിവേറ്റഡ് ഹൈവേയുടെ നീളം. ആറ്റിൻകുഴിയിൽ തുടങ്ങി കഴക്കൂട്ടം സിഎസ്‌ഐ മിഷൻ ആശുപത്രിക്ക് സമീപമാണ് മേൽപ്പാലം അവസാനിക്കുന്നത്. 200 കോടി രൂപയാണ് നിർമ്മാണ ചെലവ്. 7.5 മീറ്റർ വീതിയിൽ ഇരുവശത്തുമുള്ള സർവീസ് റോഡ് കൂടാതെ പാലത്തിനടിയിൽ 7.75 മീറ്റർ വീതിയിലുള്ള റോഡുമുണ്ട്.
45,515 കോടി രൂപയുടെ 15 പദ്ധതികളുടെ ഉദ്ഘാടനവും കല്ലിടലുമാണ് നവംബർ 29ന് നിശ്ചയിച്ചിരിക്കുന്നത്. കുതിരാൻ തുരങ്കപാത ഉൾപ്പെടുന്ന വടക്കാഞ്ചേരി-മണ്ണുത്തി ആറുവരി പാതയും കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയും ഉദ്ഘാടനം ചെയ്യും. ഇതിന് പുറമെ ദേശീയപാത അതോറിറ്റിയുടെ 13 പദ്ധതികളുടെ തറക്കല്ലിടലും നടക്കും.