
മണ്ണെണ്ണ വില വർധിപ്പിച്ച നടപടി പുനഃപരിശോധിക്കണം എന്നു സംസ്ഥാനം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. മത്സ്യബന്ധന മേഖലയ്ക്ക് അടക്കം കൂടുതൽ മണ്ണെണ്ണ ആവശ്യമായി വരുന്ന സാഹചര്യത്തിലാണ് സംസ്ഥാനം ഇക്കാര്യം ഉന്നയിച്ചത്.കേരളത്തിന്റെ വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതം പുനഃസ്ഥാപിക്കണമെന്നതടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ പെട്രോളിയം സഹ മന്ത്രി രാമേശ്വർ തെലി വിളിച്ച കേന്ദ്ര സർക്കാരിന്റെ നിർണ്ണായക യോഗം ഇന്ന് ചേരും. കഴിഞ്ഞ മൂന്ന് വർഷമായി സംസ്ഥാനത്തിന് അനുവദിച്ച പാദ വാർഷിക മണ്ണെണ്ണ ക്വാട്ട ഘട്ടം ഘട്ടമായി കേന്ദ്രസർക്കാർ വെട്ടികുറച്ചിരുന്നു. കേന്ദ്രത്തിൽ നിന്നുള്ള സബ്സിഡിയുള്ള മണ്ണെണ്ണ വിഹിതം 40 മുതൽ 60 ശതമാനം വരെ കുറഞ്ഞു. മത്സ്യത്തൊഴിലാളികൾ പട്ടിണിയിലേക്ക് പോകുന്ന സ്ഥിതിയാണ് മണ്ണെണ്ണ വിഹിതത്തിലെ കുറവ് മൂലമുണ്ടാകുന്നതെന്ന് മന്ത്രി അനിൽ ചൂണ്ടിക്കാട്ടി.