റവയും നെയ്യും ഉപയോഗിച്ച് തയ്യാറാക്കുന്ന ഒരു മധുരവിഭവമാണ് കേസരി. വായിലിട്ടാൽ അലിഞ്ഞു പോകുന്ന കേസരി ഒരു സൗത്തിന്ത്യൻ വിഭവാണ്. എന്നാൽ ഇത് തയ്യാറാക്കാൻ റവ തന്നെ വേണം എന്നു നിർബന്ധമില്ല അവൽ ഉണ്ടെങ്കിൽ കൂടുതൽ രുചികരമായ കേസരി തയ്യാറാക്കാൻ സാധിക്കും. അവലും ചക്കരയുമാണ് ഇതിൻ്റെ പ്രധാന ചേരുവകൾ.
അവൽ കഴിക്കുന്നതിനോടൊപ്പം ശരീരത്തിലെ ഹീബോഗ്ലോബിൻ്റെ അളവാണ് വർദ്ധിച്ചു കൊണ്ടിരിക്കുന്നത്. ധാരാളം ഇരുമ്പിൻ്റെ അംശം ഇതിലുണ്ട്. ഫൈബറിൻ്റെ സാന്നിധ്യം ഉള്ളതിനാൽ ദഹനത്തെ സഹായിക്കുമെന്നു മാത്രമല്ല വയറിൻ്റെ ആരോഗ്യം തന്നെ സംരക്ഷിക്കുന്നു. ചക്കരയിലും ഇരുമ്പിൻ്റെ സാന്നിധ്യമുണ്ട്. അതിനാൽ ഈ അവൽ കേസരി തികച്ചും ഹെൽത്തിയാണ്.
ചേരുവകൾ
നെയ്യ്
കശുവണ്ടി
ഉണക്കമുന്തിരി
അവൽ
വെള്ളം
ഏലയ്ക്ക
ഉപ്പ്
ചക്കര
തയ്യാറാക്കുന്ന വിധം
അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് നെയ്യൊഴിച്ചു ചൂടാക്കി കശുവണ്ടി, ഉണക്കമുന്തിരി എന്നിവ വറുത്തെടുക്കുക.
അതേ പാനിൽ ഒരു കപ്പ് വെളുത്ത അവൽ ചേർത്ത് വറുത്തെടുത്ത് പൊടിച്ചു മാറ്റി വെയ്ക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് രണ്ടര കപ്പ് വെള്ളം ഒഴിച്ചു തിളപ്പിക്കുക.
വെള്ളം തിളച്ചു വരുമ്പോൾ അൽപ്പം ഏലയ്ക്കപ്പൊടി, ഒരു നുള്ള് ഉപ്പ്, എന്നിവയും പൊടിച്ചു വെച്ചിരിക്കുന്ന ഒരു കപ്പ് അവലും, മധുരത്തിനനുസരിച്ച് ചക്കര പൊടിച്ചതും ചേർത്ത് ഇളക്കുക.
വെള്ളം നന്നായി വറ്റി അവൽ കട്ടിയായി വരുമ്പോൾ വറുത്തു വെച്ചിരിക്കുന്ന കശുവണ്ടിയും ഉണക്കമുന്തിരിയും ചേർത്തിളക്കി അടുപ്പിൽ നിന്നും മാറ്റാം.